അഴിമതിക്കേസിലെ അബ്ദുറഹ്മാൻ കല്ലായിയുടെ അറസ്റ്റിൽ പ്രതികരിച്ച് കെ ടി ജലീൽ

മലപ്പുറം: മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയുമായി ബന്ധപ്പെട്ട് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി അബ്ദുൾ റഹ്മാൻ കല്ലായിയെ അറസ്റ്റ് ചെയ്ത സംഭവത്തിൽ പ്രതികരണവുമായി കെ.ടി ജലീൽ. പിരിവ് തൊഴിലാക്കിയ വില്ലൻമാരെ സമൂഹം തിരിച്ചറിയണം. അവരുടെ കൈയിൽ അഞ്ച് പൈസ കൊടുക്കാതിരിക്കാൻ ശ്രദ്ധിക്കണമെന്നും കെ.ടി ജലീൽ ഫേസ്ബുക്കിൽ കുറിച്ചു.

‘ഒറ്റയ്ക്ക്’ പിരിവിന് വരുന്ന ‘സൂത്രക്കാരെ’ പണം ഏൽപ്പിക്കാതിരിക്കാൻ ശ്രദ്ധിക്കണം. സാമ്പത്തിക കാര്യങ്ങളിൽ സുതാര്യതയില്ലാത്ത ഒരു വ്യക്തിക്ക് മത, രാഷ്ട്രീയ, പൊതുപ്രവർത്തന, സേവന മേഖലകളിൽ പ്രവർത്തിക്കാൻ യോഗ്യതയില്ല. അത് കല്ലായാലും മണ്ണായാലും. ഒരു വ്യക്തി വിശ്വാസിയാണോ എന്നറിയാൻ 10 രൂപ കടം കൊടുത്ത് നോക്കിയാൽ മതിയെന്ന പ്രവാചകൻ മുഹമ്മദ് നബിയുടെ വചനം എത്ര അർത്ഥവത്താണെന്നും ജലീൽ ഫേസ്ബുക്ക് പോസ്റ്റിൽ കുറിച്ചു. 

മട്ടന്നൂർ ജുമാ മസ്ജിദ് അഴിമതിയിൽ അബ്ദുൾ റഹ്മാൻ കല്ലായി അടക്കം മൂന്ന് പേരെയാണ് ഇന്നലെ അറസ്റ്റ് ചെയ്തത്. മട്ടന്നൂർ പൊലീസാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. എട്ട് മണിക്കൂർ നീണ്ട ചോദ്യം ചെയ്യലിന് ശേഷമായിരുന്നു അറസ്റ്റ്. മൂന്ന് പേരെയും ഓരോ ലക്ഷം രൂപ സ്റ്റേഷൻ ജാമ്യ വ്യവസ്ഥയുടെ അടിസ്ഥാനത്തിൽ വിട്ടയച്ചു.