ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി

തിരുവനന്തപുരം: മാസ്‌കറ്റ് ഹോട്ടലില്‍ ഇഡ്ഡലി ഫെസ്റ്റ് ഒരുക്കി കെ.ടി.ഡി.സി. മലയാളികളുടെ ഇഷ്ട ഭക്ഷണമായ ഇഡ്ഡലിയുടെ വ്യത്യസ്തമായ രുചിഭേദങ്ങള്‍ മതിയാവോളം ആസ്വദിക്കുവാന്‍ തലസ്ഥാനവാസികള്‍ക്ക് അവസരമൊരുക്കുന്നു. ഒക്ടോബർ ഒന്നിന് കെ.ടി.ഡി.സി മേള ചെയർമാൻ പി.കെ.ശശി ഓൺലൈനായി നിർവഹിച്ചു. ഒക്ടോബർ 1 മുതൽ 5 വരെ സായാഹ്ന ഗാർഡൻ റെസ്റ്റോറന്‍റിലാണ് ഫെസ്റ്റിവൽ നടക്കുക. ഉച്ചക്ക് 12 മുതൽ രാത്രി 9 വരെയാണ് മേളയുടെ സമയം.

പാലക്കാട് രാമശ്ശേരി ഇഡ്ഡലി, ചോക്ലേറ്റ് ഫ്യൂഷൻ ഇഡ്ഡലി, ഫിൽട്ടർ കോഫി, ചക്കര പൊങ്കൽ, മസാല വട എന്നിവയും മേളയിൽ ലഭ്യമാണ്. തിരുവനന്തപുരത്തെ ഏറ്റവും ശാന്തവും മനോഹരവുമായ ഓപ്പൺ ഗാർഡൻ റെസ്റ്റോറന്‍റുകളിലൊന്നാണ് മാസ്‌കറ്റ് ഹോട്ടലിലെ സായാഹ്ന റെസ്റ്റോറന്‍റ്.

പാലക്കാട് ജില്ലയിലെ രാമശ്ശേരി ഗ്രാമത്തിൽ തയ്യാറാക്കുന്ന പരമ്പരാഗത ഇഡ്ഡലിയാണ് രാമശ്ശേരി ഇഡ്ഡലി. മൺപാത്രങ്ങളിൽ തയ്യാറാക്കുന്ന രാമശ്ശേരി ഇഡ്ഡലി മൃദുലവും പോഷകസമൃദ്ധവുമാണ്. ഇലയില്‍ തയ്യാറാക്കുന്നതിനാല്‍ ഇലയുടെയും മറ്റ് ചേരുവകളുടെയും മണം ചേര്‍ന്ന് ഹൃദ്യമായ സുഗന്ധമുള്ള ഇവ പോഷക സമ്പുഷ്ടമാണ്. തനത് പ്രദേശങ്ങളിൽ നിന്നുള്ള പാചക വിദഗ്ധരാണ് രാമശ്ശേരി ഇഡ്ഡലി തയ്യാറാക്കുന്നത്. ഇഡ്ഡലി ഉത്സവത്തിൽ പാഴ്സൽ വാങ്ങാനുള്ള ക്രമീകരണങ്ങൾ ഏർപ്പെടുത്തിയിട്ടുണ്ട്. ഇതിന് പുറമെ സ്വിഗ്ഗി, സൊമാറ്റോ വഴിയും ഇഡ്ഡലി ലഭിക്കും.