കുടുംബശ്രീ മൗലികാവകാശം നിഷേധിക്കുന്നുവെന്ന് സമസ്ത നേതാവ്

കോഴിക്കോട്: ജന്‍ഡര്‍ പ്രചാരണത്തിന്‍റെ ഭാഗമായി മതസ്വാതന്ത്ര്യം ലംഘിക്കുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ് കുടുംബശ്രീ നടത്തുന്നതെന്ന് സമസ്ത നേതാവ് നാസർ ഫൈസി കൂടത്തായി ആരോപിച്ചു. കുടുംബശ്രീ എടുത്ത പ്രതിജ്ഞയിൽ പെൺമക്കൾക്കും ആൺമക്കൾക്കും തുല്യസ്വത്ത് അവകാശം നൽകുമെന്ന വാചകമാണ് സമസ്ത നേതാവ് ചൂണ്ടിക്കാട്ടുന്നത്. സമസ്തയുടെ യുവജന വിഭാഗമായ എസ് വൈ എസിന്‍റെ സംസ്ഥാന സെക്രട്ടറിയാണ് നാസർ ഫൈസി കൂടത്തായി. ഫേസ്ബുക്കിലൂടെയായിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം.

വിവാഹം, വിവാഹമോചനം, സ്വത്തവകാശം, ശവസംസ്കാരച്ചടങ്ങുകൾ തുടങ്ങിയ സിവിൽ നിയമങ്ങൾ, മതപരമായ നിയമങ്ങളെയും വിശ്വാസങ്ങളെയും അടിസ്ഥാനമാക്കിയുള്ളവ ഭരണഘടനയുടെ മൗലികാവകാശങ്ങളിൽ പെടുന്നു. ഖുർആനിൽ, സ്വത്തവകാശത്തിൽ സ്ത്രീകൾക്കും പുരുഷൻമാർക്കും വ്യത്യസ്ത പങ്കുണ്ട്. തുല്യ സ്വത്തവകാശം ആവശ്യപ്പെടാനുള്ള കുടുംബശ്രീയുടെ പ്രതിജ്ഞ ഈ വിശ്വാസത്തിൽ ജീവിക്കുന്നവരുടെ മൗലികാവകാശങ്ങൾ നിഷേധിക്കുക എന്നതാണ്. മതത്തിന്‍റെയും ഭരണഘടനയുടെയും അടിസ്ഥാന തത്വങ്ങളെ നിഷേധിക്കുന്ന കുടുംബശ്രീ സർക്കുലർ പ്രതിഷേധത്തിന് ഇടയാക്കുമെന്നും അദ്ദേഹം പറഞ്ഞു.