കുഫോസ് വി.സി വിഷയം; കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി കേരള സർക്കാരും ഗവര്‍ണറും

കൊച്ചി: കേരള ഫിഷറീസ് സർവകലാശാല വൈസ് ചാൻസലർ നിയമനം റദ്ദാക്കിയ കേരള ഹൈക്കോടതി ഉത്തരവ് ചോദ്യം ചെയ്ത് സമർപ്പിച്ച ഹർജിയിൽ സത്യവാങ്മൂലം നൽകാൻ കൂടുതൽ സമയം വേണമെന്ന ആവശ്യവുമായി കേരള സർക്കാരും ഗവര്‍ണറും. മുൻ വിസി റിജി ജോൺ സമർപ്പിച്ച ഹർജിയിൽ മറുപടി നൽകാൻ രണ്ടാഴ്ചത്തെ സാവകാശം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിൻ്റെയും ഗവർണറുടെയും അഭിഭാഷകർ സുപ്രീം കോടതിക്ക് കത്തയച്ചു. അതേസമയം, ഈ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് റിജി ജോണിന്‍റെ അഭിഭാഷകയും സുപ്രീം കോടതി രജിസ്ട്രാർക്ക് കത്തയച്ചു.

നിയമനം റദ്ദാക്കിയ ഹൈക്കോടതി ഉത്തരവിനെതിരെ മുൻ വിസി റിജി ജോൺ നൽകിയ ഹർജി ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ്, ജസ്റ്റിസ് പി എസ് നരസിംഹ എന്നിവരടങ്ങിയ ബെഞ്ച് നാളെ പരിഗണിക്കാനിരിക്കവെയാണ് എതിർ സത്യവാങ്മൂലം സമർപ്പിക്കാൻ രണ്ടാഴ്ച കൂടി സമയം ആവശ്യപ്പെട്ട് സംസ്ഥാന സർക്കാരിന് വേണ്ടി ഹാജരായ സ്റ്റാൻഡിംഗ് കോണ്‍സല്‍ നിഷേ രാജൻ ഷോങ്കർ കത്ത് നൽകിയത്.

റിജി ജോൺ നൽകിയ ഹർജിയിൽ സുപ്രീം കോടതി പുറപ്പെടുവിച്ച നോട്ടീസ് അഞ്ചാം തീയതി മാത്രമാണ് ലഭിച്ചതെന്ന് ചാൻസലർ കൂടിയായ ഗവർണറുടെ അഭിഭാഷകൻ സുപ്രീം കോടതിയിൽ നൽകിയ കത്തിൽ പറയുന്നു. ആയതിനാൽ മറുപടി നൽകാൻ രണ്ടാഴ്ച കൂടി സമയം വേണമെന്നാണ് ചാൻസലറുടെ അഭിഭാഷകൻ വെങ്കിട്ട സുബ്രഹ്മണ്യം സുപ്രീം കോടതി രജിസ്ട്രാർക്ക് അയച്ച കത്തിൽ ആവശ്യപ്പെട്ടിരിക്കുന്നത്.