ദേശാഭിമാനി വാർഷികാഘോഷത്തിൽ പങ്കെടുക്കാൻ അസൗകര്യം പ്രകടിപ്പിച്ച് കുഞ്ഞാലിക്കുട്ടിയും മുനവ്വറലി ശിഹാബ് തങ്ങളും
മലപ്പുറം: മലപ്പുറത്തെ ദേശാഭിമാനി വാർഷികാഘോഷത്തിൽ നിന്ന് പിൻമാറി പി.കെ കുഞ്ഞാലിക്കുട്ടി. കെ.ടി ജലീൽ പങ്കെടുക്കുന്ന സിമ്പോസിയത്തിൽ കുഞ്ഞാലിക്കുട്ടിയുടെ പേര് ആദ്യം ഉൾപ്പെടുത്തിയിരുന്നതെങ്കിലും പകരം മറ്റൊരു വിഷയത്തെക്കുറിച്ചുള്ള സെമിനാറിൽ പങ്കെടുക്കുമെന്ന് കുഞ്ഞാലിക്കുട്ടി ഇന്ന് രാവിലെ അറിയിച്ചു.
എന്നാൽ വ്യക്തിപരമായ അസൗകര്യങ്ങൾ ചൂണ്ടിക്കാട്ടി പരിപാടിയിൽ പങ്കെടുക്കാൻ കഴിയില്ലെന്ന് സംഘാടകരെ പിന്നീട് അറിയിക്കുകയായിരുന്നു. നാളെ വൈകുന്നേരം ഏതെങ്കിലും ഒരു പരിപാടിയിൽ പങ്കെടുക്കാൻ ശ്രമിക്കുമെന്ന് പി.കെ കുഞ്ഞാലിക്കുട്ടി സംഘാടകരെ അറിയിച്ചിട്ടുണ്ട്. യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്‍റ് മുനവ്വറലി ശിഹാബ് തങ്ങളും അസൗകര്യം ചൂണ്ടിക്കാട്ടി ഇന്നത്തെ സെമിനാറിൽ നിന്ന് പിൻമാറിയിരുന്നു.
‘ബഹുസ്വരതയും ജനാധിപത്യവും’ എന്ന വിഷയത്തെ ആസ്പദമാക്കിയാണ് സി.പി.എം സെമിനാർ സംഘടിപ്പിക്കുന്നത്. മന്ത്രി പി.എ മുഹമ്മദ് റിയാസ് സെമിനാർ ഉദ്ഘാടനം ചെയ്യും. കെ ടി ജലീലാണ് ചെയർമാൻ.