കുട്ടികള്‍ക്കെതിരായ സൈബര്‍ ആക്രമണങ്ങള്‍ തടയാന്‍ ‘കുഞ്ഞാപ്പ്’ വരുന്നു

തിരുവനന്തപുരം: കുട്ടികൾക്കെതിരായ സൈബർ ആക്രമണങ്ങൾ തടയുന്നതിനുള്ള നടപടികൾ സ്വീകരിക്കാൻ ശിശുവികസന വകുപ്പ് ‘കുഞ്ഞാപ്പ്’ എന്ന പേരിൽ മൊബൈൽ ആപ്പ് സജ്ജമാക്കിയതായി മുഖ്യമന്ത്രി പിണറായി വിജയൻ നിയമസഭയെ അറിയിച്ചു. ചൈൽഡ് ലൈനിന്‍റെ പ്രവർത്തനവും മികച്ച രീതിയിൽ നടക്കുന്നുണ്ടെന്ന് മുഖ്യമന്ത്രി പറഞ്ഞു.

മൊബൈൽ ഫോണുകളുടെയും ഇന്‍റർനെറ്റിന്‍റെയും ദുരുപയോഗം തടയാൻ കേരള പൊലീസിന്‍റെ സോഷ്യൽ പോലീസ് വിഭാഗം വിവിധ പദ്ധതികൾ നടപ്പാക്കുന്നുണ്ട്. ഏകദേശം 20,000 ത്തോളം മാതാപിതാക്കൾക്ക് സുരക്ഷിതമായ ഇന്‍റർനെറ്റിന്‍റെ ഉപയോഗത്തെക്കുറിച്ചും ഓൺലൈൻ ദുരുപയോഗവും അക്രമവും ഉണ്ടായാൽ സ്വീകരിക്കേണ്ട നിയമപരവും മാനസികവും സാങ്കേതികവുമായ വശങ്ങളെക്കുറിച്ചും അവബോധം നൽകും. 50,000 പേര്‍ക്ക് സ്റ്റുഡന്റ് പൊലീസ് കേഡറ്റുകള്‍ വഴിയും ബോധവത്കരണം നല്‍കും.

ഇന്‍റർനെറ്റിന്‍റെ ദുരുപയോഗവും മറ്റ് സാമൂഹിക വിരുദ്ധ പ്രവർത്തനങ്ങളും തടയുക എന്ന ലക്ഷ്യത്തോടെ ഡിജിറ്റൽ ഡീ അഡിക്ഷൻ സെന്‍റർ സ്ഥാപിക്കുന്നതിനുള്ള നടപടികൾ സ്വീകരിച്ചുവരികയാണെന്നും അദ്ദേഹം പറഞ്ഞു.