കുങ്കിയാനയെ എത്തിച്ചു;കാട്ടാനയെ തുരത്തും

പാലക്കാട്‌ : പാലക്കാട് ധോണിയിൽ കാട്ടാനയെ തുരത്താൻ കുങ്കി ആനയെ എത്തിച്ചു. വയനാട്ടിൽ നിന്നാണ് ആനയെ കൊണ്ടുവന്നത്. കാട്ടാനയെ തുരത്താനുള്ള നടപടികൾ രാത്രി 9 മണിയോടെ ആരംഭിക്കും. ആനയെ ഏത് വഴിക്കാണ് കാട്ടിലേക്ക് കൊണ്ടുപോകേണ്ടതെന്നും എത്ര ദൂരം വനത്തിനുള്ളിലേക്ക് കൊണ്ടുപോകണമെന്നും വിശദമായ പദ്ധതി തയ്യാറാക്കിയ ശേഷം ശനിയാഴ്ച രാവിലെ 11 മണിയോടെ ദൗത്യം ആരംഭിക്കാനാണ് വനംവകുപ്പിന്‍റെ തീരുമാനം.

കഴിഞ്ഞ ദിവസം ധോണിയിൽ പ്രഭാതസവാരിക്ക് പോകുകയായിരുന്ന 60കാരനെ കാട്ടാന ചവിട്ടിക്കൊലപ്പെടുത്തിയിരുന്നു. പയറ്റംകുന്ന് സ്വദേശി ശിവരാമനാണ് മരിച്ചത്. വെള്ളിയാഴ്ച പുലർച്ചെ അഞ്ച് മണിയോടെയായിരുന്നു സംഭവം.

നടക്കാൻ പോയ ശിവരാമൻ ആനയുടെ നിലവിളി കേട്ട് സമീപത്തെ വയലിലേക്ക് ഓടിയെങ്കിലും ആന പിന്തുടർന്ന് ആക്രമിക്കുകയായിരുന്നു. മൃതദേഹം പാലക്കാട് ജില്ലാ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. സംഭവത്തിൽ പ്രതിഷേധിച്ച് സിപിഐഎം പ്രവർത്തകർ പാലക്കാട് ഡിഎഫ്ഒ ഓഫിസും ഉപരോധിച്ചിരുന്നു.