കുന്നംകുളം കൊലപാതകം; പ്രതിക്കായി പൊലീസ് കസ്റ്റഡി അപേക്ഷ നൽകും

കുന്നംകുളം: തൃശൂർ കുന്നംകുളത്ത് അമ്മയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിലെ പ്രതി ഇന്ദുലേഖയെ കസ്റ്റഡിയിൽ വിട്ടുകിട്ടണമെന്നാവശ്യപ്പെട്ട് പൊലീസ് കോടതിയിൽ അപേക്ഷ നൽകും. കസ്റ്റഡി അപേക്ഷ തിങ്കളാഴ്ച സമർപ്പിക്കും. ഇന്ദുലേഖയുടെ കടബാധ്യത സംബന്ധിച്ച മൊഴികൾ തൃപ്തികരമല്ലെന്ന നിലപാടിലാണ് പൊലീസ്. മെഡിക്കൽ തെളിവുകൾ ശേഖരിക്കേണ്ടതിനാലാണ് കസ്റ്റഡി അപേക്ഷ സമർപ്പിക്കുന്നത്.

കുന്നംകുളം കിഴൂർ കാക്കത്തുരുത്തിൽ രുഗ്മണിയെ വിഷം നൽകി കൊലപ്പെടുത്തിയ കേസിൽ മകൾ ഇന്ദുലേഖയ്ക്കെതിരെ നിർണായകമാവുക മെഡിക്കൽ തെളിവുകളാണ്. എലിവിഷത്തിന്‍റെ ഒരു പാക്കറ്റ് പൊലീസ് കണ്ടെടുത്തിട്ടുണ്ട്. വിഷാംശത്തിന്‍റെ ശാസ്ത്രീയ പരിശോധന നടത്തി തെളിവുകൾ ശേഖരിക്കേണ്ടതുണ്ട്. ഇന്ദുലേഖ അച്ഛന്‍റെ ഭക്ഷണത്തിൽ ഗുളികകളും കീടനാശിനികളും കലർത്തിയിരുന്നതായും മൊഴിയുണ്ട്. രക്ത സാമ്പിൾ പരിശോധനാ റിപ്പോർട്ട് ലഭ്യമാക്കാൻ പൊലീസ് ചന്ദ്രനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

കഴിയുന്നത്ര ശാസ്ത്രീയ തെളിവുകൾ ശേഖരിക്കുന്നതിന്‍റെ ഭാഗമായാണ് ഇന്ദുലേഖയെ വീണ്ടും കസ്റ്റഡിയിൽ വാങ്ങുന്നത്. ഇതിനുള്ള അപേക്ഷ തിങ്കളാഴ്ച കോടതിയിൽ സമർപ്പിക്കുമെന്ന് കുന്നംകുളം പൊലീസ് ഇൻസ്പെക്ടർ ഷാജഹാൻ പറഞ്ഞു.