നൂറുകോടി ക്ലബ്ബിൽ ‘കുറുപ്പ്’; ആഗോളതലത്തിൽ നേടിയത് 112 കോടി

ദുൽഖർ സൽമാൻ നായകനായി അഭിനയിച്ച് 2021 ൽ പുറത്തിറങ്ങിയ വിജയചിത്രമാണ് ‘കുറുപ്പ്’. നീണ്ട ഇടവേളയ്ക്ക് ശേഷം തീയേറ്ററുകളെ സജീവമാക്കിയ ചിത്രം കൂടിയായിരുന്നു ഇത്. ആഗോളതലത്തിൽ ചിത്രം 112 കോടി രൂപ കളക്ട് ചെയ്തെന്ന വാർത്ത ചിത്രത്തിന്‍റെ നിർമ്മാതാവ് കൂടിയായ ദുൽഖർ സൽമാൻ പങ്കുവച്ചു.

കുറുപ്പിന്‍റെ പ്രദര്‍ശനാവകാശം സീ കമ്പനി റെക്കോർഡ് തുകയ്ക്ക് സ്വന്തമാക്കിയതായും ദുൽഖർ ഫേസ്ബുക്കിലൂടെ അറിയിച്ചു. ചിത്രത്തിന്‍റെ മലയാളം, തെലുങ്ക്, തമിഴ്, കന്നഡ പതിപ്പുകൾ പ്രദർശിപ്പിക്കാൻ കമ്പനി വലിയ തുക നൽകിയതായാണ് റിപ്പോർട്ടുകൾ. ദുൽഖർ സൽമാന്‍റെ ഉടമസ്ഥതയിലുള്ള വേഫെറർ ഫിലിംസും എംസ്റ്റാർ എന്‍റർടെയ്ൻമെന്‍റ്സും ചേർന്നാണ് ചിത്രം നിര്‍മിച്ചത്. സീ ഇരു നിർമ്മാണ കമ്പനികളുമായും കരാർ ഒപ്പിട്ടിട്ടുണ്ട്.

35 കോടി രൂപ മുടക്കി നിർമ്മിച്ച കുറുപ്പിന്‍റെ ആഗോള ബിസിനസ് 112 കോടിയാണ്. തിയേറ്റർ, ഒടിടി, ഡബ്ബിംഗ്, സാറ്റലൈറ്റ് റൈറ്റ്സ് എന്നിവയുൾപ്പെടെ വൻ തുകയാണ് ചിത്രം നേടിയത്. റിലീസ് ചെയ്ത് ഏതാനും ദിവസങ്ങൾക്കുള്ളിൽ ചിത്രം 50 കോടി ക്ലബിൽ ഇടം നേടിയിരുന്നു. ദുൽഖർ സൽമാന്‍റെ കരിയറിലെ ഏറ്റവും വലിയ ഹിറ്റുകളിലൊന്നാണ് കുറുപ്പ്.