കുവൈത്തിൽ നഴ്‌സുമാരായ മലയാളി ദമ്പതികൾ കുത്തേറ്റ് മരിച്ച നിലയിൽ മരിച്ചത് എറണാകുളം സ്വദേശികൾ
കുവൈത്ത് സിറ്റി: കുവൈത്തിൽ മലയാളികളായ ദമ്പതികളെ കുത്തേറ്റു മരിച്ച നിലയിൽ കണ്ടെത്തി. ആരോഗ്യ മന്ത്രാലയത്തിന്റെ കീഴിലുള്ള ജാബിർ ആശുപത്രിയിലെ നഴ്‌സായ കണ്ണൂർ സ്വദേശി സൂരജ്, ഡിഫൻസിൽ നഴ്സായ എറണാകുളം കീഴില്ലം സ്വദേശി ഭാര്യ ബിൻസി എന്നിവരെയാണ് അബ്ബാസിയായിലെ താമസിക്കുന്ന ഫ്ലാറ്റിൽ മരിച്ച നിലയിൽ ഇന്ന് രാവിലെ കണ്ടെത്തിയത്. ഇരുവരും നൈറ്റ് ഡ്യൂട്ടി കഴിഞ്ഞ് രാവിലെ ഫ്ലാറ്റിലെത്തിയതാണെന്നു സുഹൃത്തുകൾ പറഞ്ഞു.
ഓസ്ട്രേലിയയിലേക്കു ജോലി മാറാനുള്ള നടപടികൾ നടന്നുവരികയായിരുന്നു. ഇരുവരും വഴക്കിനെ തുടർന്ന് പരസ്പരം കുത്തിയതാണെന്നാണ് പ്രാഥമിക വിവരം. തമ്മിൽ തർക്കിക്കുന്നതും മറ്റും അയൽപക്കത്ത് താമസിക്കുന്നവർ കേട്ടതായി പറയുന്നു.
രാവിലെ കെട്ടിട കാവൽക്കാരൻ വന്നു നോക്കിയപ്പോഴാണ് മരിച്ചുകിടക്കുന്ന നിലയിൽ കണ്ടെത്തിയത്. ഇരുവരുടെയും കൈയിൽ കത്തിയുണ്ടായിരുന്നുവെന്നും വിവരമുണ്ട്. പൊലീസും ഫൊറൻസിക് വിഭാഗവും സ്ഥലത്ത് എത്തി മറ്റു നടപടികൾ സ്വീകരിച്ചു. ദമ്പതികളുടെ മക്കൾ നാട്ടിലാണ്.