കുവൈറ്റില്‍ ജോലി സമയം ക്രമീകരിക്കാന്‍ ഒരുങ്ങുന്നതായി റിപ്പോർട്ട്

കുവൈറ്റ് സിറ്റി: കുവൈറ്റില്‍ ജോലി സമയം അനുയോജ്യമായ രീതിയില്‍ ക്രമീകരിക്കാന്‍ മന്ത്രാലയം ഒരുങ്ങുന്നതായി റിപ്പോർട്ട്. സൗകര്യപ്രദമായ ജോലി സമയം ഉടനടി നടപ്പാക്കുന്നതിനുള്ള പഠനങ്ങൾ തയ്യാറാക്കാൻ ഏജൻസികളെ ചുമതലപ്പെടുത്താനുള്ള നീക്കങ്ങൾ തുടങ്ങിയെന്നാണ് വിവരം.

ഇതിനായി മന്ത്രിമാർ നീക്കങ്ങൾ ആരംഭിച്ചതായി സർക്കാർ വൃത്തങ്ങളെ ഉദ്ധരിച്ച് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഗതാഗതക്കുരുക്ക് കുറയ്ക്കുക ഉള്‍പ്പെടെയുള്ള ലക്ഷ്യത്തോടെയാണ് പുതിയ നീക്കമെന്നും റിപ്പോർട്ടിൽ പറയുന്നു.

ഇത് സംബന്ധിച്ച പ്രായോഗിക നിർദ്ദേശം സമർപ്പിക്കാൻ നീതി ന്യായ മന്ത്രിയും ഔഖാഫ് മന്ത്രിയുമായ അബ്ദുൽ അസീസ് അൽ മജീദ് ജസ്റ്റിസ് അണ്ടർസെക്രട്ടറിക്ക് കത്തയച്ചു. പ്രധാനമന്ത്രി ഷെയ്ഖ് അഹമ്മദ് നവാഫ് അൽ അഹ്മദ് അൽ സബാഹിന്‍റെ നിർദ്ദേശ പ്രകാരമാണ് നടപടി.