372 മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമാക്കി കുവൈറ്റ്
കുവൈത്ത് സിറ്റി: 372 തരം മരുന്നുകളുടെ വിതരണം സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തി കുവൈറ്റ്. കുവൈറ്റ് ആരോഗ്യ മന്ത്രി അഹമ്മദ് അൽ അവാദിയുടെ നിർദ്ദേശ പ്രകാരമാണ് നടപടി. നിലവിലെ സാഹചര്യത്തിൽ, രാജ്യം വിവിധ മരുന്നുകളുടെ ക്ഷാമം നേരിടുകയാണ്. ഈ സാഹചര്യത്തിൽ പൗരന്മാർക്ക് മെച്ചപ്പെട്ട ആരോഗ്യ പരിരക്ഷ ഉറപ്പാക്കുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
എന്നിരുന്നാലും, സ്വദേശികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയ മരുന്നുകളുടെ ബദലുകൾ വിപണിയിൽ ലഭ്യമായതിനാൽ തീരുമാനം രാജ്യത്തെ താമസക്കാരുടെ ആരോഗ്യ നിലയെ ബാധിക്കില്ലെന്ന് മന്ത്രാലയം വ്യക്തമാക്കി. 117 ഡിസ്പെൻസറികളെയും 4 ആശുപത്രികളെയും യാന്ത്രികമായി ബന്ധിപ്പിക്കാനും തീരുമാനിച്ചു. മരുന്നുകളുടെ ദുരുപയോഗം തടയുന്നതിന്‍റെ ഭാഗമായാണ് തീരുമാനം.
രാജ്യം ചില മരുന്നുകളുടെ ക്ഷാമം നേരിടുന്നുവെന്നത് ഒരു വസ്തുതയാണെന്നും കൊറോണ വൈറസ് മഹാമാരിയുടെ കാലം മുതൽ ഇത് തുടരുകയാണെന്നും ആരോഗ്യമന്ത്രി പറഞ്ഞു. എത്രയും വേഗം പ്രശ്നം പരിഹരിക്കാനുള്ള ശ്രമങ്ങൾ നടക്കുന്നുണ്ടെന്നും ചില മരുന്നുകളുടെ ക്ഷാമം രാജ്യത്തിന്‍റെ തകർച്ചയിലേക്ക് നയിക്കുമെന്ന പ്രചാരണം ശരിയല്ലെന്നും അദ്ദേഹം പറഞ്ഞു.