പ്രവാസികള്‍ക്ക് കുടുംബ വിസകള്‍ അനുവദിക്കുന്നതിലെ നിയന്ത്രണങ്ങൾ നീക്കാൻ കുവൈറ്റ്

കുവൈത്ത് സിറ്റി: കുവൈറ്റിൽ കുടുംബ വിസ അനുവദിക്കുന്നതിന് ഏർപ്പെടുത്തിയിരുന്ന ചില നിയന്ത്രണങ്ങൾ പിൻവലിക്കുമെന്ന് റിപ്പോർട്ട്. ചില വിഭാഗങ്ങൾക്ക് മാത്രമായിരിക്കും ഇളവ് അനുവദിക്കുകയെന്ന് പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. മാസങ്ങളായി എല്ലാത്തരം ഫാമിലി വിസകളും നൽകുന്നതിന് കുവൈറ്റ് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കുകയാണ്.

കുവൈറ്റിന് പുറത്ത് ജനിക്കുന്ന കുട്ടികളെ നാട്ടിലെത്തിക്കാൻ പ്രവാസികൾക്ക് അനുമതി നൽകും. മാനുഷിക പരിഗണനയുടെ അടിസ്ഥാനത്തിൽ മറ്റ് ചില വിഭാഗങ്ങൾക്കും ഫാമിലി വിസ അനുവദിക്കുമെന്നാണ് റിപ്പോർട്ട്. ഔദ്യോഗിക പ്രഖ്യാപനങ്ങളൊന്നും നടത്തിയിട്ടില്ലെങ്കിലും, ആഭ്യന്തര മന്ത്രാലയം ഇതിനകം തന്നെ പ്രത്യേക സാഹചര്യങ്ങളിൽ ഉള്ളവർക്ക് വിസ നൽകാൻ തുടങ്ങിയതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.

അടുത്ത മന്ത്രിസഭാ രൂപീകരണ പ്രഖ്യാപനത്തിന് ശേഷം കുടുംബ വിസയ്ക്കുള്ള മറ്റ് അപേക്ഷകൾ പരിഗണിക്കാനാണ് സാധ്യത. അപ്പോഴേക്കും വിസ നൽകുന്നതിനുള്ള നിയന്ത്രണങ്ങൾ പൂർണ്ണമായും നീക്കും. നിലവിൽ നൂറുകണക്കിന് അപേക്ഷകളാണ് പ്രവാസികൾ തങ്ങളുടെ കുടുംബങ്ങളെ നാട്ടിലെത്തിക്കുന്നതിനായി ആഭ്യന്തര മന്ത്രാലയത്തിന് സമർപ്പിച്ചിട്ടുള്ളത്.