ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യനില്‍ പരീക്ഷിച്ചു
ലണ്ടന്‍: ലബോറട്ടറിയിൽ നിർമ്മിച്ച രക്തം ആദ്യമായി മനുഷ്യരിൽ പരീക്ഷിച്ചു. മനുഷ്യരിൽ ഇത് എങ്ങനെ പ്രവർത്തിക്കുന്നുവെന്ന് കണ്ടെത്തുകയാണ് ലക്ഷ്യം.
പരീക്ഷണത്തിന് സന്നദ്ധരായ രണ്ട് ആളുകളിൽ ഏതാനും സ്പൂൺ രക്തമാണ് കുത്തിവച്ചത്. ആരോഗ്യമുള്ള 10 പേരിലാണ് പരീക്ഷണം നടത്തുന്നത്. രക്തദാതാക്കളെ തേടി അലയേണ്ട അവസ്ഥയും അപൂർവ രക്തഗ്രൂപ്പുകൾ ലഭിക്കുന്നതിനുള്ള ബുദ്ധിമുട്ടും ഒഴിവാക്കുകയാണ് ലാബിൽ രക്തം ഉണ്ടാക്കുന്നതിന്‍റെ ഉദ്ദേശ്യം. എന്നാൽ ഇത് പരീക്ഷണത്തിന്‍റെ വിജയത്തെ ആശ്രയിച്ചിരിക്കും.
ബ്രിസ്റ്റല്‍, കേംബ്രിഡ്ജ്, ലണ്ടൻ എന്നിവിടങ്ങളിലെയും എൻഎച്ച്എസ് ബ്ലഡ് ആന്‍ഡ് ട്രാന്‍സ്പ്ലാന്റിലെയും ഗവേഷകരാണ് പരീക്ഷണത്തിന് പിന്നിൽ. ചുവന്ന രക്താണുക്കളെ കേന്ദ്രീകരിച്ചാണ് പരീക്ഷണം. ഒരു വ്യക്തിയിൽ നിന്ന് 470 മില്ലിഗ്രാം രക്തം എടുക്കുക എന്നതാണ് ആദ്യ ഘട്ടം. ചുവന്ന രക്താണുക്കളാകാൻ കഴിവുള്ള മൂലകോശങ്ങളെ അതിൽ നിന്ന് വേർതിരിച്ചെടുക്കും. പിന്നീട് അവ ലബോറട്ടറിയിൽ വളർത്തി ചുവന്ന രക്താണുക്കളാകാൻ വിടും.