കായൽ കൈയ്യേറി നിർമാണം; ജയസൂര്യ വിജിലൻസ്​ കോടതിയിൽ ഹാജരാകണം

കൊച്ചി: തീരദേശ പരിപാലന ചട്ടം ലംഘിച്ച കേസിൽ നടൻ ജയസൂര്യ അടക്കം നാല് പ്രതികളും ഡിസംബർ 29ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ നേരിട്ട്​ ഹാജരാകാൻ ഉത്തരവ്. ഇത് സംബന്ധിച്ച് ഇവർക്ക് കോടതി സമൻസ് അയച്ചു. ചെലവന്നൂർ കായൽ കൈയേറി നിർമാണം നടത്തിയെന്ന കേസിലാണ്​ സമൻസ്​.

ഒന്നും രണ്ടും പ്രതികളായ കൊച്ചി കോർപറേഷൻ വൈറ്റില സോണല്‍ ഓഫിസിലെ മുൻ ബിൽഡിങ്​ ഇൻസ്പെക്ടർ കെ.പി രാമചന്ദ്രൻ നായർ, ഇതേ ഓഫിസിലെ മുൻ അസിസ്റ്റന്‍റ്​ എക്സിക്യൂട്ടിവ് എഞ്ചിനീയർ ഗിരിജാ ദേവി, നാലാം പ്രതി കടവന്ത്ര ഡിസൈൻ ഹൈലൈറ്റ്സിലെ ആർക്കിടെക്ചർ എൻ.എം ജോസഫ് എന്നിവർക്കാണ് ജയസൂര്യയെ കൂടാതെ കോടതി നോട്ടീസ് അയച്ചത്.

ഈ മാസം 13ന് വിജിലൻസ് അഴിമതി വിരുദ്ധ ബ്യൂറോ എറണാകുളം യുണിറ്റ് ഇൻസ്പെക്ടർ വി.വിമലാണ്​ മൂവാറ്റുപുഴ കോടതിയിൽ അന്തിമ കുറ്റപത്രം സമർപ്പിച്ചത്​. കെ.പി. രാമചന്ദ്രൻ നായരും, ഗിരിജാ ദേവിയും കുറ്റകരമായ ക്രിമിനൽ ഗൂഢാലോചന നടത്തി ജയസൂര്യക്ക് അനുകൂലമായി കെട്ടിട നിര്‍മാണ പെര്‍മിറ്റ് അനുവദിക്കുകയും മറ്റ് ഉത്തരവുകൾ പുറപ്പെടുവിക്കുകയും ചെയ്തുവെന്ന് കുറ്റപത്രത്തിലുണ്ട്.