ലഖിംപുര്‍ ഖേരി കേസ്; ആശിഷ് മിശ്രയ്ക്ക് ജാമ്യം നല്‍കരുതെന്ന് യുപി സര്‍ക്കാര്‍ 

ന്യൂഡല്‍ഹി: ലഖിംപുര്‍ ഖേരിയിൽ കർഷകരെ വാഹനമിടിപ്പിച്ച് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി കേന്ദ്രമന്ത്രി അജയ് മിശ്രയുടെ മകൻ ആശിഷ് മിശ്രയ്ക്ക് ജാമ്യം നൽകരുതെന്ന് ഉത്തർപ്രദേശ് സർക്കാർ. ഗുരുതരമായ കുറ്റങ്ങളാണ് ഇയാൾക്കെതിരെ ചുമത്തിയിരിക്കുന്നതെന്നും അതിനാൽ വിചാരണ കഴിയുന്നതുവരെ ജാമ്യം അനുവദിക്കരുതെന്നും സുപ്രീം കോടതിയിൽ സമർപ്പിച്ച സത്യവാങ്മൂലത്തിൽ പറയുന്നു.

ക്രിമിനൽ പശ്ചാത്തലവും സ്വാധീനവും കണക്കിലെടുത്ത് മിശ്രയ്ക്ക് ജാമ്യം നൽകരുതെന്ന് ഉത്തർപ്രദേശ് സർക്കാരും ആവശ്യപ്പെട്ടിട്ടുണ്ട്. കേസിലെ പ്രതികൾക്കെതിരെ കുറ്റം ചുമത്താനുള്ള നടപടികളാണ് വിചാരണകോടതിയില്‍ പുരോഗമിക്കുന്നത്.

അലഹബാദ് ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെ ചോദ്യം ചെയ്ത് ആശിഷ് മിശ്ര സമർപ്പിച്ച ഹർജിയിലാണ് ഉത്തർപ്രദേശ് സർക്കാർ സുപ്രീം കോടതിയിൽ സത്യവാങ്മൂലം സമർപ്പിച്ചത്. മിശ്രയ്ക്ക് ജാമ്യം അനുവദിക്കരുതെന്ന് കൊല്ലപ്പെട്ട കർഷകരുടെ ബന്ധുക്കളും സുപ്രീം കോടതിയോട് ആവശ്യപ്പെട്ടിട്ടുണ്ട്.