സിൽവർലൈൻ ഓഫിസുകൾക്കായി ചെലവിടുന്നത് ലക്ഷക്കണക്കിന് രൂപ

കോഴിക്കോട്: സിൽവർ ലൈനിന്‍റെ കാര്യത്തിൽ അനിശ്ചിതത്വം തുടരുമ്പോഴും ഓരോ ജില്ലയിലും ഓഫീസുകൾ പരിപാലിക്കുന്നതിനായി സർക്കാർ ഖജനാവിൽ നിന്ന് ലക്ഷക്കണക്കിന് രൂപയാണ് ചെലവഴിക്കുന്നത്. ജീവനക്കാരുടെ ശമ്പളം ഉൾപ്പെടെ 80 ലക്ഷം രൂപയാണ് കോഴിക്കോട് ഓഫീസ് ഇതുവരെ ചെലവഴിച്ചത്.

കോഴിക്കോട്ട് ഇരുനില കെട്ടിടത്തിന്‍റെ വാടക ഒരു മാസത്തേക്ക് 28,000 രൂപയാണ്. അതിന്‍റെ ഒരു നില പൂർണ്ണമായും ഒഴിഞ്ഞുകിടക്കുകയാണ്. കഴിഞ്ഞ ഡിസംബർ മുതൽ 3,64,000 രൂപയാണ് വാടകയ്ക്ക് മാത്രം ചെലവഴിച്ചത്. 31,000 രൂപയായിരുന്നു വാഹനത്തിന്‍റെ വാടക. കഴിഞ്ഞയാഴ്ചയാണ് വാഹനം ഉപേക്ഷിച്ചത്.

ഒരു സ്പെഷ്യൽ തഹസിൽദാർ, രണ്ട് ജൂനിയർ സൂപ്രണ്ടുമാർ, ഒരു ക്ലാർക്ക്, ഒരു റവന്യൂ ഇൻസ്പെക്ടർ, ഒരു ഓഫീസ് അസിസ്റ്റന്‍റ് – ഇവരെല്ലാം ഇവിടെയുണ്ട്. ഇവരിൽ ഭൂരിഭാഗവും തെക്കൻ ജില്ലകളിൽ നിന്നുള്ളവരാണ്. ശനി അവധിയായതിനാൽ വെള്ളിയാഴ്ച ഉച്ചയോടെ പലരും വീട്ടിലേക്ക് മടങ്ങി. ഇവരെ മറ്റ് റവന്യൂ ഓഫീസുകളിലേക്ക് മാറ്റുന്ന കാര്യത്തിൽ ഇനിയും തീരുമാനമായിട്ടില്ല.