അന്താരാഷ്ട്ര വിപണിയില്‍ നേട്ടം കൊയ്ത് ലാല്‍ സിംഗ് ഛദ്ദ; വരുമാനം 59 കോടി

ആമീര്‍ ഖാന്‍ ചിത്രം ലാല്‍ സിംഗ് ഛദ്ദയ്ക്ക് അന്താരാഷ്ട്ര വിപണയില്‍ വന്‍ മുന്നേറ്റമെന്ന് റിപ്പോര്‍ട്ടുകള്‍. ബോക്സോഫീസ് കണക്കുകൾ പ്രകാരം ചിത്രം ഇതുവരെ ഇന്ത്യയ്ക്ക് പുറത്ത് നിന്ന് 59 കോടി രൂപ നേടിക്കഴിഞ്ഞു. ആലിയ ഭട്ട് നായികയായ ഗംഗുഭായ് കത്ത്യാവാടി, ഭൂല്‍ ഭുലയ്യ 2, ദ കാശ്മീര്‍ ഫയല്‍സ് തുടങ്ങിയ ചിത്രങ്ങളേക്കാള്‍ വരുമാനം ലാല്‍ സിംഗ് ഛദ്ദ നേടിയെന്നാണ് റിപ്പോർട്ട്.

ഇന്ത്യൻ വിപണിയിൽ, ചിത്രം ശരാശരിയിൽ താഴെയാണ് പ്രകടനം നടത്തുന്നത്. ഓഗസ്റ്റ് 15ന് റിലീസ് ചെയ്ത ചിത്രം 55 കോടി രൂപ നേടി. ആദ്യ ദിവസത്തെ വരുമാനത്തിൽ നിന്ന്, തുടർന്നുള്ള ദിവസങ്ങളിൽ വരുമാനം ഗണ്യമായി കുറഞ്ഞു. അന്താരാഷ്ട്ര വിപണിയിൽ സ്വീകാര്യത ലഭിക്കുന്നതോടെ നഷ്ടം നികത്താനാകുമെന്ന പ്രതീക്ഷയിലാണ് നിർമ്മാതാക്കൾ.

ടോം ഹാങ്ക്‌സിന്റെ ലോക ക്ലാസിക് ഫോറസ്റ്റ് ഗംപിന്റെ റീമേക്കാണ് അദ്വൈത് ചന്ദന്‍ സംവിധാനം ചെയ്ത ലാല്‍ സിംഗ് ഛദ്ദ. കരീന കപൂറാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. നാഗ ചൈതന്യയും ചിത്രത്തില്‍ പ്രധാനകഥാപാത്രത്തെ അവതരിപ്പിക്കുന്നു. ആമീര്‍ ഖാന്‍ പ്രൊഡക്ഷന്‍സും വിയാകോം 18 സ്റ്റുഡിയോസും സംയുക്തമായാണ് ചിത്രം നിര്‍മിച്ചത്.