ഭൂമിയുടെ രേഖകൾ ഇനി ഡിജിറ്റല്‍; ‘എന്‍റെ ഭൂമി’ പദ്ധതിക്ക് തുടക്കമായി

തിരുവനന്തപുരം: ഭൂരേഖകൾ വിരൽത്തുമ്പിൽ ലഭ്യമാക്കുന്ന ‘എന്റെ ഭൂമി ’ പദ്ധതിക്ക് തുടക്കമായി. ഗ്രാമസഭയുടെ പകർപ്പായ ആദ്യ ‘സർവേ സഭ’ തിരുവനന്തപുരം മംഗലപുരം പഞ്ചായത്തിലെ വെയ്ലൂർ വാർഡിൽ ഇതിന്റെ ഭാഗമായി യോഗം നടന്നു. തോന്നയ്ക്കൽ ആശാൻ സ്മാരകത്തിൽ മന്ത്രി എം.ബി.രാജേഷ് സംസ്ഥാനതല ഉദ്ഘാടനം നിർവഹിച്ചു.

നാലു വർഷം കൊണ്ട് ശാസ്ത്രീയമായ ഡിജിറ്റൽ സർവേയിലൂടെ ഭൂരേഖകൾ കൃത്യമായി തയാറാക്കി അതിർത്തി നിർണയിക്കുന്ന പദ്ധതിയാണിതെന്നു മന്ത്രി പറഞ്ഞു.  മന്ത്രി കെ.രാജൻ അധ്യക്ഷനായിരുന്നു. 200 വില്ലേജുകളിലായാണ് തദ്ദേശ ഭരണ വകുപ്പിന്റെ സഹകരണത്തോടെ നടപ്പാക്കുന്ന സർവേ സഭകൾ ആദ്യ ഘട്ടത്തിൽ നടക്കുക. 

400 ജീവനക്കാർക്ക് ഡിജിറ്റൽ സർവേ നടപടികൾ വിശദീകരിക്കുന്നതിനും ഭൂവുടമസ്ഥരുടെ സംശയങ്ങൾ ദൂരീകരിക്കുന്നതിനും പ്രത്യേകം പരിശീലനം നൽകിയതായും ഡിജിറ്റൽ സർവേ ഇനിയും തുടങ്ങിയിട്ടില്ലാത്ത 1550 വില്ലേജുകളിലും പൂർത്തീകരിക്കുകയാണ് ലക്ഷ്യമെന്നും മന്ത്രി കെ.രാജൻ പറഞ്ഞു.