കൊട്ടിയൂരിൽ ഉരുൾപൊട്ടിയെന്ന് സംശയം; ബാവലി പുഴയിൽ ജലനിരപ്പ് കൂടി
കണ്ണൂർ: കൊട്ടിയൂർ വന്യജീവി സങ്കേതത്തിനുള്ളിൽ ഉരുൾപൊട്ടലുണ്ടായതായി സംശയം. ബാവലി പുഴയിൽ ജലനിരപ്പ് കുത്തനെ ഉയർന്നതിനെ തുടർന്നാണ് ഉരുൾപൊട്ടിയെന്നു സംശയിക്കുന്നത്. ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്.
വ്യാഴാഴ്ച വൈകുന്നേരം മൂന്ന് മണി മുതൽ തുടർച്ചയായി മഴ പെയ്തിരുന്നു. രാത്രി 7.30 ഓടെയാണ് പുഴയിലെ വെള്ളം ഉയരുന്നത് കണ്ടത്. തുടർന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് റോയ് നമ്പുടാകത്തിന്റെ നേതൃത്വത്തിൽ സന്നദ്ധ പ്രവർത്തകർ വിവിധ പ്രദേശങ്ങളിൽ പരിശോധനയും നിരീക്ഷണവും നടത്തി.
കൊട്ടിയൂർ ടൗണിന് സമീപത്തെ പാലത്തിന്‍റെ മുകളിലേക്ക് വരെ വെള്ളം ഉയർന്നു. പാമ്പറപ്പാൻ പാലത്തിൽ വെള്ളം കയറിയതോടെ ഗതാഗതം തടസ്സപ്പെട്ടു. രാത്രി എട്ട് മണിയോടെ ജലനിരപ്പ് താഴ്ന്നിരുന്നു. ജനവാസ മേഖലകളിൽ ഉരുൾപൊട്ടൽ ഇല്ല. കണ്ണൂർ-വയനാട് ചുരം റൂട്ടുകളിൽ യാത്ര ചെയ്യുമ്പോൾ ജാഗ്രത പാലിക്കണമെന്ന് കൊട്ടിയൂർ പഞ്ചായത്ത് പ്രസിഡന്‍റ് പറഞ്ഞു.