കശ്മീരില്‍ മണ്ണിടിച്ചില്‍; പൊലീസുകാരനടക്കം നാല് മരണം

ശ്രീനഗര്‍: കശ്മീരിലെ കിഷ്ത്വാർ ജില്ലയിൽ ശനിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഒരു പൊലീസുകാരൻ ഉൾപ്പെടെ നാല് പേർ മരിച്ചു. ആറ് പേർക്ക് പരിക്കേറ്റതായും അധികൃതർ അറിയിച്ചു. കിഷ്ത്വാറിൽ നിർമ്മാണത്തിലിരിക്കുന്ന റാറ്റിൽ ജലവൈദ്യുത പദ്ധതിയുടെ പ്ലോട്ടിന് സമീപമാണ് മണ്ണിടിച്ചിലുണ്ടായത്.

പദ്ധതി പ്രദേശത്തിന് സമീപം ലിങ്ക് റോഡിന്‍റെ നിർമ്മാണത്തിൽ ഏർപ്പെട്ടിരിക്കുകയായിരുന്നു തൊഴിലാളികൾ. പൊടുന്നനെ കൂറ്റൻ പാറക്കെട്ടുകൾ ഉരുണ്ടുവീഴുകയും തൊഴിലാളികൾ അതിനുള്ളിൽ കുടുങ്ങുകയും ചെയ്തുവെന്ന് കിഷ്ത്വാർ ഡെപ്യൂട്ടി കമ്മീഷണർ ദേവ്നാശ് യാദവ് പറഞ്ഞു. ഉടൻ തന്നെ രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും അസിസ്റ്റന്‍റ് എസ്ഐയും ജെസിബി ഓപ്പറേറ്ററും ഉൾപ്പെടെ 4 പേർ മരിച്ചു. ജെസിബി ഓപ്പറേറ്ററായ മനോജ് കുമാറാണ് മരിച്ചത്.

പരിക്കേറ്റവരിൽ മൂന്നുപേരെ ദോദയിലെ മെഡിക്കൽ കോളേജിലും രണ്ടുപേരെ താത്രി ആശുപത്രിയിലും ഒരാളെ ജമ്മുവിലെ ആശുപത്രിയിലും പ്രവേശിപ്പിച്ചു. പരിക്കേറ്റവരെ രക്ഷിക്കാൻ നാട്ടുകാർ ഓടിയെത്തിയപ്പോൾ മറ്റൊരു മണ്ണിടിച്ചിൽ ഉണ്ടായത് അപകടത്തിന്‍റെ തീവ്രത വർധിപ്പിച്ചു. സംഭവത്തിൽ രക്ഷാപ്രവർത്തനം അവസാനിപ്പിച്ചതായി ഡെപ്യൂട്ടി കമ്മീഷണർ അറിയിച്ചു.