മലേഷ്യയില്‍ മണ്ണിടിച്ചില്‍; 23 മരണം, രക്ഷാപ്രവർത്തനം പുരോഗമിക്കുന്നു

മലേഷ്യ: മലേഷ്യൻ തലസ്ഥാനമായ ക്വാലാലംപൂരിൽ നിന്ന് 50 കിലോമീറ്റർ മാറി ബതാങ് കാലി നഗരത്തിനടുത്തുള്ള ഓർഗാനിക് ഫാമിൽ കഴിഞ്ഞ വെള്ളിയാഴ്ചയുണ്ടായ മണ്ണിടിച്ചിലിൽ ഇതുവരെ ആറ് കുട്ടികളടക്കം 23 പേർ മരിച്ചു. 10 പേരെ ഇനിയും കണ്ടെത്താനുണ്ട്.

പ്രദേശത്ത് രക്ഷാപ്രവർത്തനം പുരോഗമിക്കുകയാണ്. ദുരന്തം നടന്ന് ഒരു ദിവസത്തിന് ശേഷം ചെളിയിലും അവശിഷ്ടങ്ങളിലും കുടുങ്ങിക്കിടക്കുന്നവരെ കണ്ടെത്താനുള്ള സാധ്യത വളരെ കുറവാണെന്ന് സെലംഗൂർ സ്റ്റേറ്റ് ഫയർ ആൻഡ് റെസ്ക്യൂ ഡയറക്ടർ നോറസാം ഖാമിസ് പറഞ്ഞു. ഏകദേശം 400 ഓളം പേരാണ് രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടിരിക്കുന്നത്.

മൗണ്ടൻ കാസിനോ റിസോർട്ടിന് സമീപമുള്ള ക്യാമ്പ് സൈറ്റിൽ ഉരുൾപൊട്ടൽ ഉണ്ടായപ്പോൾ 90 ഓളം പേർ പ്രദേശത്ത് ഉണ്ടായിരുന്നു. അപകടസമയത്ത് ഇവരിൽ ഭൂരിഭാഗവും ഉറക്കത്തിലായിരുന്നുവെന്നാണ് റിപ്പോർട്ടുകൾ. അപകടസ്ഥലത്ത് നിന്ന് 61 പേരെ രക്ഷപ്പെടുത്തിയതായി അധികൃതർ അറിയിച്ചു. ഉരുൾപൊട്ടലിൽ അകപ്പെട്ട അമ്മയെയും കുഞ്ഞിനെയും ആലിംഗനം ചെയ്യുന്ന തരത്തിൽ മണ്ണിനടിയിൽ മരിച്ച നിലയിൽ കണ്ടെത്തിയതായും നോറസാം ഖാമിസ് മാധ്യമപ്രവർത്തകരോട് പറഞ്ഞു. 

എന്നിരുന്നാലും, ക്യാമ്പ് സൈറ്റ് നടത്താൻ ഫാമിന് ലൈസൻസ് ഇല്ലെന്നും നിയമം ലംഘിച്ചതായി കണ്ടെത്തിയാൽ ഉടമകളെ വിചാരണ ചെയ്ത് ശിക്ഷിക്കുമെന്നും അധികൃതർ പറഞ്ഞു. അപകടത്തിന് പിന്നാലെ പ്രധാനമന്ത്രി അൻവർ ഇബ്രാഹിം പ്രദേശം സന്ദർശിക്കുകയും ദുരന്തത്തിൽ മരിച്ചവരുടെയും പരിക്കേറ്റവരുടെയും കുടുംബങ്ങൾക്ക് ധനസഹായം നൽകുമെന്ന് പ്രഖ്യാപിക്കുകയും ചെയ്തു.