കണ്ണൂരും കോഴിക്കോട്ടും ഉരുള്‍പൊട്ടിയതായി സംശയം; ജാഗ്രതാ നിര്‍ദേശം നൽകി

കണ്ണൂര്‍/കോഴിക്കോട്: കണ്ണൂരിലെ നെടുംപൊയിലിലും കോഴിക്കോട് വിലങ്ങാടും ഉരുൾപൊട്ടലുണ്ടായതായി സംശയം. നെടുംപൊയിലിലും വിലങ്ങാട് വാളൂക്ക് പ്രദേശത്തെ വനത്തിനുള്ളിലും ഉരുൾപൊട്ടലുണ്ടായതായാണ് സംശയിക്കുന്നത്. സെമിനാരി ജംഗ്ഷനിലും വിലങ്ങാട് പുഴയിലും വലിയ മലവെള്ളപ്പാച്ചിലാണ്.

മലവെള്ളം കുത്തിയൊലിച്ചെത്തിയതോടെ വിലങ്ങാട് പാലം പൂർണമായും വെള്ളത്തിനടിയിലായി. ഈ പ്രദേശത്തെ നിരവധി കടകളിലും വെള്ളം കയറി. ശനിയാഴ്ച രാവിലെ മുതൽ ആരംഭിച്ച കനത്ത മഴ കോഴിക്കോട്ടെ മലയോര മേഖലകളിൽ ഇപ്പോഴും തുടരുകയാണ്.

മലവെള്ളപ്പാച്ചിലിനെ തുടർന്ന് വിലങ്ങാട് മേഖലയിൽ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. മേഖലയിലൂടെയുള്ള ഗതാഗതത്തിന് നിയന്ത്രണം ഏർപ്പെടുത്തി. മലപ്പുറം കരുവാരക്കുണ്ടിലും കനത്ത മഴയും മണ്ണിടിച്ചിലുമുണ്ട്. കൽക്കുണ്ട്, കേരളാംകുണ്ട് പ്രദേശങ്ങളിലാണ് മലവെള്ളപ്പാച്ചിൽ. ഒലിപ്പുഴ കരകവിഞ്ഞൊഴുകുകയാണ്.