ജമ്മുവിൽ ലഷ്‌കർ-ഇ-തൊയ്ബ ബന്ധമുള്ള ഹൈബ്രിഡ് ഭീകരൻ പിടിയിൽ

ജമ്മു കാശ്മീർ : ജമ്മു കശ്മീരിലെ ബാരാമുള്ളയിൽ ലഷ്കർ-ഇ-ത്വയ്ബ ഹൈബ്രിഡ് തീവ്രവാദിയെ അറസ്റ്റ് ചെയ്തു. സുരക്ഷാ സേന നടത്തിയ റെയ്ഡിലാണ് ഇയാൾ പിടിയിലായത്. ഒരു പിസ്റ്റൾ, ഒരു മാഗസിൻ, ഏഴ് ലൈവ് കാട്രിഡ്ജുകൾ എന്നിവ ഭീകരന്‍റെ പക്കൽ നിന്ന് കണ്ടെടുത്തു. ബാരാമുള്ളയിലെ ക്രീരി പ്രദേശത്ത് ലഷ്കർ-ഇ-തൊയ്ബയുടെ ഒരു ഹൈബ്രിഡ് തീവ്രവാദി സജീവമാണെന്ന് പൊലീസിൻ വിവരം ലഭിച്ചിരുന്നു. ഇതിന്‍റെ അടിസ്ഥാനത്തിൽ 29-ആർആർ (രാഷ്ട്രീയ റൈഫിൾസ്) പോലീസും സൈന്യവും ഓപ്പറേഷൻ തുടങ്ങിയത്.
ആവശ്യം വരുമ്പോൾ മാത്രം തീവ്രവാദത്തിൽ ഏർപ്പെടുകയും അല്ലാത്തപ്പോൾ സാധാരണ പൗരന്മാരായി ജീവിക്കുകയും ചെയ്യുന്നവരാണ് ‘ഹൈബ്രിഡ് തീവ്രവാദികൾ’. നിരന്തരമായ പ്രേരണ, വീരപരിവേഷം, പണം എന്നിവയാണ് സാധാരണ യുവാക്കളെ ഹൈബ്രിഡ് തീവ്രവാദികളായി മാറാൻ പ്രേരിപ്പിക്കുന്ന ഘടകങ്ങൾ. ഇവര്‍ ആരും ഭീകരരുടെ പട്ടികകളില്‍ ഉള്‍പ്പെട്ടിട്ടില്ല. അടുത്തിടെ കശ്മീരിൽ നടന്ന ആക്രമണങ്ങളിൽ ഭൂരിഭാഗവും ഇത്തരം ഹൈബ്രിഡ് തീവ്രവാദികളിൽ നിന്നാണെന്ന് കശ്മീർ പോലീസ് പറയുന്നു.