വിഴിഞ്ഞം സമരം ശക്തമാക്കാൻ നീക്കങ്ങളുമായി ലത്തീന്‍ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖത്തിനെതിരായ പ്രതിഷേധം ശക്തമാക്കാനൊരുങ്ങുകയാണ് ലത്തീൻ അതിരൂപത. തുറമുഖ ഗേറ്റിന് മുന്നിലെ പ്രതിഷേധം 23-ാം ദിവസത്തിലേക്ക് കടന്നു. സമരം സംസ്ഥാന വ്യാപകമാക്കുന്നത് പരിഗണിക്കാൻ ലത്തീൻ അതിരൂപത തീരദേശ സംഘടനകളുടെ യോഗം വിളിച്ചിട്ടുണ്ട്. വൈകിട്ട് അഞ്ചിന് സമര പന്തലിലാണ് യോഗം ചേരുക.

കഴിഞ്ഞ ദിവസം നിരാഹാര സമരത്തോടെയാണ് അഞ്ചാം ഘട്ട സമരം ആരംഭിച്ചത്. കരുംകുളം, കൊച്ചുതുറ, പള്ളം, ലൂർദ്പുരം, അടിമലത്തുറ, കൊച്ചുപള്ളി, നമ്പ്യാട്ടി തുടങ്ങിയ ഇടവകകളിൽനിന്നുള്ള ഭക്തജനങ്ങളും മത്സ്യത്തൊഴിലാളികളും സമരത്തിൽ പങ്കെടുക്കും. സമരത്തിന്‍റെ രീതികൾ ആവിഷ്കരിക്കാൻ ലത്തീൻ അതിരൂപതയിലെ വൈദികരുടെ യോഗം ഇന്നലെ രാത്രി ചേർന്നിരുന്നു. മന്ത്രിസഭാ ഉപസമിതിയുമായി നടത്തിയ ചർച്ചയിലെ വിഷയങ്ങൾ വൈദികരുടെ യോഗം ചർച്ച ചെയ്തു.

അതേസമയം, വിഴിഞ്ഞം സമരവുമായി ബന്ധപ്പെട്ട് സമരസമിതിയുമായി കൂടുതൽ ചർച്ച നടത്താൻ മുൻകൈ എടുക്കില്ലെന്ന് സർക്കാർ അറിയിച്ചു. സമരസമിതിക്ക് അനാവശ്യ പിടിവാശിയുണ്ടെന്ന് സർക്കാർ ആരോപിച്ചു. തുറമുഖത്തിന്‍റെ നിർമ്മാണം ഒരു തരത്തിലും തടയാൻ കഴിയില്ല. പ്രായോഗിക ബുദ്ധിമുട്ടുകൾ അറിയിച്ചിട്ടും സമരസമിതി പിടിവാശി തുടരുകയാണ്. എന്തുചെയ്യാൻ കഴിയുമെന്ന് സർക്കാർ ഉറപ്പ് നൽകിയിട്ടുണ്ട്. പ്രാരംഭ നടപടികൾ ആരംഭിച്ചതായി സർക്കാർ അറിയിച്ചു.