വിഴിഞ്ഞം സമരം ശക്തിപ്പെടുത്താൻ ലത്തീൻ അതിരൂപത

തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ പദ്ധതിക്കെതിരെ നടക്കുന്ന പ്രക്ഷോഭം ശക്തമാക്കാൻ ലത്തീൻ അതിരൂപത. ഇന്നും അതിരൂപതയ്ക്ക് കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിക്കും. തുറമുഖ സമരവുമായി ബന്ധപ്പെട്ട് ഇത് ആറാം തവണയാണ് ലത്തീൻ അതിരൂപതയുടെ കീഴിലുള്ള പള്ളികളിൽ സർക്കുലർ വായിക്കുന്നത്.

തുറമുഖ സമരത്തിൻ്റെ നൂറാം ദിനമായ ഒക്ടോബർ 27ന് കടലിലും കരയിലും പ്രതിഷേധം സംഘടിപ്പിക്കും. സമരം വിജയിപ്പിക്കാൻ എല്ലാവരും സഹകരിക്കണമെന്ന് ലത്തീൻ അതിരൂപത ആഹ്വാനം ചെയ്തു. 100-ാം ദിവസത്തെ സമരം അഞ്ചുതെങ്ങ് ഫെറോനകളുടെ നേതൃത്വത്തിലാണ് നടക്കുക. തുറമുഖ കവാടത്തിലെ ഉപരോധം നാളെ എഴുപതാം ദിവസത്തിലേക്ക് കടക്കുകയാണ്.

അതേസമയം വിഴിഞ്ഞം തുറമുഖ നിർമ്മാണവുമായി ബന്ധപ്പെട്ട് പാരിസ്ഥിതിക ആഘാത പഠനം സ്വന്തമായി നടത്താൻ തിരുവനന്തപുരം ലത്തീൻ അതിരൂപത തീരുമാനിച്ചു. മൂന്ന് മാസത്തിനുള്ളിൽ പഠനം പൂർത്തിയാക്കാനാണ് നീക്കം. ഇതിനായി ഏഴംഗ സമിതിയെ നിയോഗിച്ചിട്ടുണ്ട്. സമരക്കാരുടെ ആറ് ആവശ്യങ്ങളിലും സർക്കാർ അനുകൂല തീരുമാനം ഉറപ്പാക്കിയെന്ന മുഖ്യമന്ത്രിയുടെ വാർത്താസമ്മേളനത്തിലെ പ്രസ്താവന തെറ്റിദ്ധാരണാജനകമാണെന്ന് സമരസമിതി ആരോപിച്ചു.