ഇടത് സർക്കാർ കേരളത്തിന് ഭീഷണിയെന്ന് ജെ പി നദ്ദ
തിരുവനന്തപുരം: ഇടത് സർക്കാർ കേരളത്തിന് ഭീഷണിയാണെന്ന് ബിജെപി ദേശീയ അധ്യക്ഷൻ ജെ പി നദ്ദ. കേരളത്തിലെ സർക്കാർ അഴിമതിയിൽ നിന്ന് അഴിമതിയിലേക്കാണ് പോകുന്നതെന്ന് ജെപി നദ്ദ വിമർശിച്ചു. കൊവിഡ് കാലത്ത് ഉൾപ്പെടെ നടന്നത് അഴിമതിയാണെന്നാണ് വിമർശനം. സ്വപ്ന സുരേഷിന്‍റെ വെളിപ്പെടുത്തൽ പരാമർശിച്ച നദ്ദ സർവകലാശാലകളിൽ ബന്ധുനിയമനങ്ങൾ നടക്കുന്നുണ്ടെന്നും ലോകായുക്തയെ ഇല്ലാതാക്കുകയാണെന്നും വിമർശിച്ചു. കേരളം ഭീകരതയുടെ ഹോട്ട്സ്പോട്ടായി മാറുകയാണെന്നും അദ്ദേഹം ആരോപിച്ചു. ബിജെപി പ്രവർത്തക സമിതി യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ദ്വിദിന സന്ദർശനത്തിനായി ഇന്നലെ കേരളത്തിലെത്തിയ ബി.ജെ.പി ദേശീയ അദ്ധ്യക്ഷൻ ജെ.പി നദ്ദ ഇന്ന് കോട്ടയം പനച്ചിക്കാട് ദക്ഷിണ മൂകാംബി സരസ്വതി ക്ഷേത്രത്തിൽ ദർശനം നടത്തി. നവരാത്രി ഉത്സവത്തിന്‍റെ ഉദ്ഘാടന ദിവസമായ ഇന്ന് പാർട്ടി നേതാക്കൾക്കൊപ്പമാണ് അദ്ദേഹം ക്ഷേത്രത്തിലെത്തിയത്. ബി.ജെ.പി കേരള പ്രഭാരി പ്രകാശ് ജാവദേക്കർ, സംസ്ഥാന അദ്ധ്യക്ഷൻ കെ.സുരേന്ദ്രൻ എന്നിവരും സന്നിഹിതരായിരുന്നു. ബി.ജെ.പി ജില്ലാ ഓഫീസ് ഉദ്ഘാടനം ചെയ്യാനാണ് നദ്ദ ഇന്നലെ കോട്ടയത്ത് എത്തിയത്. ക്ഷേത്ര ദർശനത്തിന് ശേഷമാണ് നദ്ദ തിരുവനന്തപുരത്തേക്ക് പോയത്.