ഗവർണർക്കെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്; ഇന്ന് ഇടത് മുന്നണി യോഗം

തിരുവനന്തപുരം: കേരള ഗവർണർ ആരിഫ് മുഹമ്മദ് ഖാനെതിരെ പരസ്യ പ്രതിഷേധത്തിന് എൽഡിഎഫ്. വിഷയം ചർച്ച ചെയ്യാൻ ഇടതുമുന്നണി ഇന്ന് യോഗം ചേരും. ഗവർണർക്കെതിരായ പ്രചാരണ പരിപാടികൾക്ക് യോഗത്തിൽ രൂപം നൽകും.

സർക്കാരിനെതിരായ ഗവർണറുടെ നീക്കങ്ങൾ തടയാൻ പരസ്യപ്രചാരണം നടത്താൻ സി.പി.എം – സി.പി.ഐ സംസ്ഥാന സെക്രട്ടേറിയറ്റ് യോഗത്തിൽ നേരത്തെ തീരുമാനിച്ചിരുന്നു. ഇടതുമുന്നണിയുടെ നേതൃത്വത്തിൽ പ്രതിഷേധ പരിപാടികൾ നടത്താനാണ് തീരുമാനം. ഗവർണറെ അവഹേളിക്കുന്ന മന്ത്രിമാരെ പിൻവലിക്കുമെന്നതുൾപ്പെടെയുള്ള ഭീഷണി രാഷ്ട്രീയ പ്രേരിതമാണെന്നാണ് പാർട്ടിയുടെ വിലയിരുത്തൽ. തനിക്ക് ഇല്ലാത്ത അധികാരങ്ങൾ ഉപയോഗിച്ച് ഭീഷണിപ്പെടുത്താനുള്ള ഗവർണറുടെ നീക്കം തുറന്നുകാട്ടണമെന്നാണ് സെക്രട്ടേറിയറ്റ് യോഗത്തിലെ തീരുമാനം.

ചട്ടങ്ങൾ ലംഘിച്ച് വി.സിമാരെ ഉൾപ്പെടെ സർവകലാശാലയിൽ നിയമിക്കുന്നതിനെ ആരിഫ് മുഹമ്മദ് ഖാൻ ശക്തമായി എതിർത്തിരുന്നു. സാങ്കേതിക സർവകലാശാല വി.സി നിയമനം റദ്ദാക്കിയ സുപ്രീം കോടതി വിധി വായിച്ചാണ് ഗവർണർ സർക്കാരിന് അവസാനം താക്കീത് നൽകിയിരിക്കുന്നത്. യു.ജി.സി മാനദണ്ഡങ്ങൾ ലംഘിച്ച് ഒറ്റ പേര് പരിഗണിച്ച് നിയമനം ലഭിച്ച അഞ്ച് വി.സിമാരുടെ ഭാവിയെക്കുറിച്ച് ആശങ്കകൾ നിലനിൽക്കുമ്പോഴാണ് ആരിഫ് മുഹമ്മദ് ഖാൻ സുപ്രീം കോടതി വിധിയെ ആയുധമാക്കുന്നത്. വിധിക്കെതിരെ പുനഃപരിശോധനാ ഹർജി നൽകാനുള്ള സാധ്യതയാണ് സർക്കാർ തേടുന്നത്.