ഗവർണറുടെ നടപടി അതിരുകടന്നതെന്ന് ലീഗ് നേതാവ് പി.എം.എ സലാം

മലപ്പുറം: സംസ്ഥാനത്തെ 9 സർവകലാശാലകളിലെ വിസിമാരോട് രാജിവയ്ക്കാൻ ആവശ്യപ്പെട്ട ഗവർണറുടെ നടപടി അതിരുകടന്നതാണെന്ന് മുസ്ലിം ലീഗ്. വിസിമാരുടെ നിയമനം മാനദണ്ഡം ലംഘിച്ചാണെന്നും ലീഗ് നേതാവ് പി.എം.എ സലാം പ്രതികരിച്ചു. ഗവർണറുടെ നടപടി അതിർത്തി കടന്നതായിരുന്നു എന്നതിൽ സംശയമില്ല. എന്നാൽ അതിൽ സംസ്ഥാന സർക്കാരിനും പങ്കുണ്ട്. സർവകലാശാലകളിൽ വി.സിമാരെ നിയമിച്ചത് മാനദണ്ഡങ്ങൾ ലംഘിച്ചാണ്. സെർച്ച് കമ്മിറ്റിയിൽ മൂന്ന് അംഗങ്ങൾ ഉണ്ടായിരിക്കണം. അക്കാദമി വിദഗ്ദ്ധരാകണമെന്നതുൾപ്പെടെയുള്ള നിയമങ്ങൾ ലംഘിക്കപ്പെട്ടുവെന്നും പി.എം.എ സലാം പറഞ്ഞു.

ഗവർണറുടെ ജനാധിപത്യ വിരുദ്ധ നീക്കങ്ങളോട് വിയോജിക്കുന്ന മുസ്ലിം ലീഗിന്‍റെ നിലപാട് സ്വാഗതാർഹമാണെന്ന് മുൻ മന്ത്രി കെടി ജലീൽ പ്രതികരിച്ചു. ഗവർണറുടേത് കൈവിട്ട കളിയാണെന്നും തലയിൽ ആൾ താമസമില്ലാത്ത കോൺഗ്രസിന്റെ നിലപാടിനെ ജനങ്ങൾ തള്ളിക്കളയുമെന്നും ജലീൽ കൂട്ടിച്ചേർത്തു.