‘കോഴിക്കോട്ടേയ്ക്ക് വിട്ടോ’; വിവാദ പരാമർശത്തിൽ ജെബി മേത്തറിന് വക്കീൽ നോട്ടിസ്

തിരുവനന്തപുരം: കട്ട പണവുമായി മേയറൂട്ടി കോഴിക്കോട്ടേയ്ക്കു വിട്ടോളുവെന്ന് മുദ്രാവാക്യം വിളിച്ച ജെബി മേത്തർ എംപിക്കെതിരെ മേയർ ആര്യ രാജേന്ദ്രൻ. മാപ്പ് പറയണമെന്ന് ആവശ്യപ്പെട്ട് വക്കീൽ നോട്ടീസ് അയച്ചു. നിയമപരമായി നേരിടുമെന്ന് ജെബി മേത്തർ പ്രതികരിച്ചു.

മേയർ ആര്യ രാജേന്ദ്രന്‍റെ രാജി ആവശ്യപ്പെട്ട് മഹിളാ കോൺഗ്രസ് നടത്തിയ പ്രതിഷേധത്തിനിടെയാണ് ജെബി മേത്തറിന്‍റെ പരാമർശം. ഭർത്താവിന്‍റെ വീട് ഭാര്യയ്ക്ക് സുരക്ഷിതമായ സ്ഥലമാണെന്ന് ജെബി വിശദീകരിച്ചു. പിന്നാലെ നിയമനടപടി സ്വീകരിക്കുമെന്ന് ആര്യ പറഞ്ഞു.

പരാമർശം രേഖാമൂലവും മാധ്യമങ്ങളിലൂടെയും ഏഴ് ദിവസത്തിനകം പിൻവലിച്ചു മാപ്പു പറയണമെന്നും അല്ലാത്തപക്ഷം സിവിലായും ക്രിമിനലായും നിയമനടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു. താൻ മാപ്പ് പറയില്ലെന്നും നിയമപരമായി നേരിടുമെന്നും മേത്തര്‍ പറഞ്ഞു.