രാത്രി വീടുവിട്ടിറങ്ങി, വഴിയാത്രിക്കാരൻ ഉപദേശിച്ചു; മടങ്ങിയെത്തി 10-ാം ക്ലാസുകാരന്‍

ആലപ്പുഴ: കുടുംബവുമായി വഴക്കിട്ട ശേഷം സൈക്കിളുമായി വീടുവിട്ടിറങ്ങിയ പത്താംക്ലാസുകാരനെ വഴിയാത്രക്കാരന്‍ ഉപദേശിച്ചു വീട്ടിലേക്കു മടക്കിയയച്ചു. കഞ്ഞിക്കുഴി സ്വദേശിയായ 14കാരനെയാണ് ആലപ്പുഴ ടൗണിലെ അജ്ഞാതൻ വീട്ടിലേക്ക് അയച്ചത്. ബുധനാഴ്ച രാത്രി എട്ടുമണിയോടെയാണ് കുട്ടി വീട്ടിൽ നിന്നിറങ്ങിയത്.

പരീക്ഷയ്ക്ക് തയ്യാറെടുക്കാതെ ഫോണിൽ കളിച്ചതിന് ശകാരിച്ചപ്പോൾ വീട്ടിൽ നിന്ന് ഷൂസ് പോലും ധരിക്കാതെ സൈക്കിളിൽ ഇറങ്ങി. രാത്രിയിൽ കുടുംബാംഗങ്ങളും നാട്ടുകാരും എല്ലായിടത്തും തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായില്ല.

സൈക്കിള്‍ചവിട്ടി കുട്ടി ആലപ്പുഴ ബോട്ട്‌ജെട്ടിയിലെത്തി. രാത്രിയിൽ ഒരു ഒഴിഞ്ഞ പുരവഞ്ചിയില്‍ കിടന്നുറങ്ങി. രാവിലെ യാത്ര തുടരാൻ ബോട്ടുജെട്ടിക്കു സമീപത്തെ റോഡിലൂടെ നടക്കുകയായിരുന്ന വ്യക്തിയോടു വഴി ചോദിച്ചു. അദ്ദേഹം കാര്യം ആരാഞ്ഞപ്പോൾ കുട്ടി വീടുവിട്ട കാര്യം പറഞ്ഞു. ഭക്ഷണം വാങ്ങിനല്‍കിയ ശേഷം, കുട്ടിയെ കാണാതായപ്പോള്‍ വീട്ടുകാര്‍ക്കുണ്ടാകുന്ന പ്രയാസം വിശദീകരിച്ചു കൊണ്ട് അദ്ദേഹം നടത്തിയ ഉപദേശം ഫലംകണ്ടു. വിദ്യാര്‍ഥി മടങ്ങാന്‍ തയ്യാറായി.