‘ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികൾ; ബിജെപി സത്യം തുറന്ന് കാണിക്കും’

കൊച്ചി: ഓണത്തെ തെറ്റായി വ്യാഖ്യാനിച്ചവരാണ് ഇടത് ബുദ്ധിജീവികളെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ. ചരിത്രത്തിന്റെ അപനിർമ്മിതിയിലൂടെ നവോത്ഥാന നായകരെ കമ്യൂണിസ്റ്റുകാർ വികലമാക്കിയിരിക്കുകയാണ്. ഇത് തുറന്നുകാട്ടാൻ ബി.ജെ.പി തയ്യാറാകും. ഇതിനായാണ് തിരൂരിൽ തുഞ്ചത്ത് എഴുത്തച്ഛന്‍റെ പ്രതിമ സ്ഥാപിക്കുന്നത്. മുസ്ലിം മതമൗലികവാദികളെ ഭയന്ന് തിരൂരിൽ പ്രതിമ സ്ഥാപിക്കാൻ സർക്കാർ തയ്യാറാവുന്നില്ല. പ്രതിമ ഇസ്ലാമിക വിരുദ്ധമാണെന്ന മതമൗലികവാദികളുടെ നിലപാടിന് ചൂട്ടുപിടിക്കുകയാണ് പിണറായി വിജയൻ സർക്കാർ. നവോത്ഥാന സമിതി പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്ന് പറയുന്ന മുഖ്യമന്ത്രി മലയാള ഭാഷയുടെ പിതാവിന്‍റെ പ്രതിമ സ്ഥാപിക്കാൻ തയ്യാറാവണമെന്നും ബി.ജെ.പി അദ്ധ്യക്ഷൻ പറഞ്ഞു.

സ്വാതന്ത്ര്യസമരം പോലെ വൈക്കം, ഗുരുവായൂർ സത്യാഗ്രഹങ്ങളിൽ കമ്യൂണിസ്റ്റുകാർക്ക് ഒരു പങ്കുമില്ലായിരുന്നു. ഇത് ചർച്ച ചെയ്യാൻ ബിജെപി തയ്യാറാണ്. തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്രയിൽ സംസ്ഥാനത്ത് നിന്ന് ഒരു മന്ത്രി പോലും പങ്കെടുക്കാത്തത് ഓണത്തോടുള്ള ഇടതുപക്ഷത്തിന്‍റെ നിഷേധാത്മക മനോഭാവത്തെയാണ് തെളിയിക്കുന്നത്. ഓണത്തിന് മലയാളികൾ പൂക്കളം ഇട്ട് ആരാധിക്കുന്ന തൃക്കാക്കരയപ്പന്റെ ക്ഷേത്രത്തോടും സർക്കാരിന് അവഗണനയാണ്. ഇത് പ്രതിഷേധാർഹമാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.

അദ്വൈത വേദാന്തം ലോകത്തിലേക്ക് പകർന്ന ആദിശങ്കരന്‍റെ ജൻമസ്ഥലമായ കാലടിയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തുന്ന സന്ദർശനം കേരളത്തിന്‍റെ സാംസ്കാരിക സ്വത്വം വീണ്ടെടുക്കാനുള്ള ശ്രമങ്ങൾക്ക് കരുത്തേകും. യഥാർത്ഥ കേരളം തിരിച്ചുപിടിക്കാൻ ബി.ജെ.പി പ്രചാരണം നടത്തുന്നതിനിടെയാണ് പ്രധാനമന്ത്രി വരുന്നതെന്നും അദ്ദേഹം കൊച്ചിയിൽ വാർത്താസമ്മേളനത്തിൽ പറഞ്ഞു.