കുറഞ്ഞ വേഗപരിധിയുള്ള വാഹനങ്ങള്‍ക്ക് ഇടത് ട്രാക്ക്; ഹൈവേ നിയമം കർശനമാക്കുന്നു
നാലുവരി, ആറുവരി ദേശീയപാതകളിൽ കുറഞ്ഞ വേഗപരിധിയുള്ള വാഹനങ്ങൾ ഇടത് ട്രാക്കിലൂടെ പോകണമെന്ന നിയമം കർശനമാക്കുന്നു. ഇതിന്‍റെ ഭാഗമായി ജില്ലാ റോഡ് സുരക്ഷാ കൗൺസിൽ വാളയാർ-വാണിയമ്പാറ ദേശീയപാതയിൽ നടപടികൾ ആരംഭിച്ചു.
ചരക്ക് വാഹനങ്ങൾ, സർവീസ് ബസുകൾ ഉൾപ്പെടെയുള്ള വലിയ പാസഞ്ചർ വാഹനങ്ങൾ, ഓട്ടോറിക്ഷകൾ, ഇരുചക്രവാഹനങ്ങൾ എന്നിവയാണ് കുറഞ്ഞ വേഗപരിധിയുള്ള വാഹനങ്ങൾ. ഇവ ഇടത് ട്രാക്കിലൂടെ മാത്രമേ സഞ്ചരിക്കാവൂ.
മുന്നിലുള്ള വാഹനത്തെ ഓവർടേക്ക് ചെയ്യുമ്പോൾ മാത്രമേ വലത് ട്രാക്കിലേക്ക് കയറാവൂ. തുടർന്ന് ഇടത് ട്രാക്കിൽ തന്നെ യാത്ര തുടരണം. വേഗ പരിധി കൂടിയ കാറുകൾ, ജീപ്പുകൾ, മിനി വാനുകൾ എന്നിവയ്ക്ക് സഞ്ചരിക്കാനുള്ളതാണ് വലത് ട്രാക്ക്. അതേസമയം, ഇവ വേഗത കുറച്ചാണ് പോകുന്നതെങ്കിൽ ഇടത് ട്രാക്ക് ഉപയോഗിക്കണം.