മന്ത്രവാദം തടയാൻ നിയമനിർമ്മാണം വേണം; ഹൈക്കോടതിയിൽ പൊതുതാല്‍പര്യ ഹര്‍ജി

കൊച്ചി: ഇലന്തൂർ ഇരട്ട നരബലി കേസിന്റെ പശ്ചാത്തലത്തിൽ ആഭിചാരങ്ങളും മന്ത്രവാദവും ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾ തടയാൻ നിയമനിർമ്മാണം നടത്തണമെന്നാവശ്യപ്പെട്ട് ഹൈക്കോടതിയിൽ പൊതുതാൽപര്യ ഹർജി നൽകി. കേരള യുക്തിവാദി സംഘത്തിന് വേണ്ടി അഡ്വക്കേറ്റ് പി വി ജീവേഷാണ് ഹർജി സമർപ്പിച്ചത്. ചീഫ് ജസ്റ്റിസിന്റെ നേതൃത്വത്തിലുള്ള ഡിവിഷൻ നാളെ ഹർജി പരിഗണിക്കും.

മഹാരാഷ്ട്രയിൽ പാസാക്കിയ നിയമനിർമ്മാണത്തിന് സമാനമായി കേന്ദ്ര സർക്കാരോ സംസ്ഥാനമോ ഇന്ത്യയിലുടനീളം ബാധകമായ ഒരു നിയമം പാസാക്കണമെന്നാണ് ഹർജിയിലെ പ്രധാന ആവശ്യം. ഈ ആവശ്യത്തിന് പുറമെ സംസ്ഥാനത്ത് നടന്ന എല്ലാ തിരോധാന കേസുകളും പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ച് പുനരന്വേഷണം നടത്തണം. കേരളത്തിലെ മന്ത്രവാദ കേന്ദ്രങ്ങൾ പൊലീസ് പരിശോധിച്ച് അടച്ചുപൂട്ടാൻ നടപടി സ്വീകരിക്കണമെന്നും ഹർജിയിൽ ആവശ്യപ്പെട്ടു.