അനാചാരം തടയാൻ നിയമ നിര്‍മ്മാണം; എങ്ങുമെത്താതെ സര്‍ക്കാര്‍ വാഗ്ദാനം
തിരുവനന്തപുരം: സംസ്ഥാനത്ത് അന്ധവിശ്വാസങ്ങളും അനാചാരങ്ങളും തടയാൻ നിയമ നിര്‍മ്മാണം നടത്തുമെന്ന സർക്കാരിന്റെ വാഗ്ദാനം പാതി വഴിയിൽ. അന്ധവിശ്വാസത്തിന്‍റെ പേരിൽ ശരീരത്തിന് ആപത്തുണ്ടാക്കുന്ന എല്ലാ ആചാരങ്ങളും കുറ്റകരമാക്കി ഒരു വർഷം മുമ്പ് നിയമപരിഷ്കാര കമ്മീഷൻ സർക്കാരിന് സമഗ്രമായ റിപ്പോർട്ട് സമർപ്പിച്ചിരുന്നു. നിയമവകുപ്പ് തയ്യാറാക്കിയ കരട് ബിൽ ആഭ്യന്തരവകുപ്പിന്‍റെ പരിഗണനയ്ക്കായി കാത്തിരിക്കുകയാണ്.
അന്ധവിശ്വാസങ്ങളുടെയും അനാചാരങ്ങളുടെയും പേരിൽ കുറ്റകൃത്യങ്ങൾ വർധിക്കുന്നതിനെതിരെ കർശന നടപടി സ്വീകരിക്കാൻ ലക്ഷ്യമിട്ടാണ് സർക്കാർ പ്രത്യേക നിയമനിർമ്മാണം പ്രഖ്യാപിച്ചത്. മന്ത്രവാദം, കൂടോത്രം, പ്രേത ബാധ ഒഴിപ്പിക്കൽ മുതൽ ചികിത്സ നിഷേധിക്കൽ വരെ എല്ലാം കുറ്റകരമാക്കുന്ന തരത്തിലാണ് നിയമപരിഷ്കരണ കമ്മിഷൻ റിപ്പോർട്ട് തയ്യാറാക്കിയത്. മന്ത്രവാദത്തിന്‍റെ പേരിലുള്ള ലൈംഗിക പീഡനവും ഗുരുതരമായ കുറ്റകൃത്യമാണ്.
പുതിയ നിയമപ്രകാരം ദുര്‍മന്ത്രവാദവും കൂടോത്രവും ചെയ്യുന്നവർക്ക് ഏഴ് വർഷം വരെ തടവും 50,000 രൂപ പിഴയും ലഭിക്കും. ശരീരത്തിന് ദോഷം വരുത്താത്ത മതാചാരങ്ങളെയും കരട് നിയമത്തിൽ നിന്ന് ഒഴിവാക്കിയിട്ടുണ്ട്. സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരമാണ് ജസ്റ്റിസ് കെ ടി തോമസ് അധ്യക്ഷനായ നിയമ പരിഷ്കാര കമ്മീഷൻ ശൂപാര്‍ശകൾ കൈമാറിയത്.