നിയമസഭാ കക്ഷി യോഗം റദ്ദാക്കി, ഗെലോട്ടിനേയും സച്ചിൻ പൈലറ്റിനേയും ദില്ലിക്ക് വിളിപ്പിച്ചു
ജയ്പൂര്‍: രാജസ്ഥാനിലെ പുതിയ മുഖ്യമന്ത്രിയെ തീരുമാനിക്കാനുള്ള നിർണായക നിയമസഭാ കക്ഷി യോഗം റദ്ദാക്കി. നിരീക്ഷകരെ ഹൈക്കമാൻഡ് തിരിച്ചുവിളിച്ചു. അശോക് ഗെഹ്ലോട്ടിനെയും സച്ചിൻ പൈലറ്റിനെയും ഡൽഹിയിലേക്ക് വിളിപ്പിച്ചിട്ടുണ്ട്. കെസി വേണുഗോപാൽ അശോക് ഗെഹ്ലോട്ടുമായി സംസാരിച്ചു. കാര്യങ്ങൾ തന്‍റെ നിയന്ത്രണത്തിലല്ലെന്ന് ഗെഹ്ലോട്ട് കെസി വേണുഗോപാലിനോട് പറഞ്ഞു.
അധ്യക്ഷ തിരഞ്ഞെടുപ്പിന് മുന്നോടിയായി അശോക് ഗെഹ്ലോട്ടിനെ മുഖ്യമന്ത്രി സ്ഥാനം രാജി വെപ്പിച്ച് സച്ചിൻ പൈലറ്റിനെ ആ സ്ഥാനത്തേക്ക് കൊണ്ടുവരാനായിരുന്നു ഗാന്ധി കുടുംബത്തിന്‍റെ ശ്രമം. ഗെഹ്ലോട്ട് ക്യാമ്പിലെ ചില എംഎൽഎമാർ സച്ചിനെ പിന്തുണയ്ക്കുമെന്ന സൂചന ലഭിച്ചതിനെ തുടർന്നാണ് നിയമസഭാ കക്ഷി യോഗം വിളിക്കാൻ ഹൈക്കമാൻഡ് തീരുമാനിച്ചത്.
എന്നാൽ 92 എംഎൽഎമാരുടെ പിന്തുണ അശോക് ഗെഹ്ലോട്ട് പക്ഷം അവകാശപ്പെട്ടു. മുഖ്യമന്ത്രി ചർച്ച ഇപ്പോൾ നടത്തേണ്ടതില്ലെന്നും അധ്യക്ഷ തിരഞ്ഞെടുപ്പിന് ശേഷം ചർച്ച ചെയ്യാമെന്നും ഗെഹ്ലോട്ട് പക്ഷം വ്യക്തമാക്കിയിട്ടുണ്ട്. സച്ചിൻ പൈലറ്റിനെ മുഖ്യമന്ത്രിയാക്കിയാൽ കൂട്ടത്തോടെ രാജിവയ്ക്കുമെന്നും എം.എൽ.എമാർ ഭീഷണി മുഴക്കി. യോഗം ആരംഭിക്കുന്നതിന് മിനിറ്റുകൾക്ക് മുമ്പ് ഹൈക്കമാൻഡ് തീരുമാനപ്രകാരമാണ് യോഗം റദ്ദാക്കിയത്.