അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച് ലെൻഡൽ സിമ്മൺസ്
വെസ്റ്റ് ഇൻഡീസ് മുൻ വിക്കറ്റ് കീപ്പർ ബാറ്റ്സ്മാനും ടെസ്റ്റ് ക്യാപ്റ്റനുമായ ദിനേഷ് രാംദിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് കഴിഞ്ഞ ദിവസം വിരമിക്കൽ പ്രഖ്യാപിച്ചു. ഇതിന് പിന്നാലെ മറ്റൊരു സൂപ്പർ താരം ലെൻഡൽ സിമ്മൺസും അന്താരാഷ്ട്ര ക്രിക്കറ്റിനോട് വിടപറയുന്നു. 37 കാരനായ സിമ്മൺസിന്‍റെ വിരമിക്കൽ സ്പോർട്സ് ഏജൻസി സ്ഥിരീകരിച്ചു.
2006 ൽ വെസ്റ്റ് ഇൻഡീസിനായി അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച സിമ്മൺസിന്റെ അന്താരാഷ്ട്ര കരിയർ ഒന്നര പതിറ്റാണ്ടിലധികം നീണ്ടുനിന്നു. ഈ കാലയളവിൽ വെസ്റ്റ് ഇൻഡീസിനായി എട്ട് ടെസ്റ്റുകളും 68 ഏകദിനങ്ങളും ഒരു ടി20യും സിമ്മൺസ് കളിച്ചു. വലംകൈയൻ ബാറ്റ്സ്മാനായ സിമ്മൺസ് എല്ലാ ഫോർമാറ്റിലുമായി 3700ലധികം റൺസ് നേടിയിട്ടുണ്ട്. ഏകദിനത്തിൽ രണ്ട് സെഞ്ച്വറികളും സിമ്മൺിന്‍റെ പേരിലുണ്ട്.
2016ലെ ടി20 ലോകകപ്പിലായിരുന്നു സിമ്മൺസിന്റെ അന്താരാഷ്ട്ര കരിയറിലെ ഏറ്റവും മികച്ച പ്രകടനങ്ങളിലൊന്ന്. ആ ലോകകപ്പിന്‍റെ സെമി ഫൈനലിൽ ഇന്ത്യക്കെതിരെ 51 പന്തിൽ 82 റൺസ് നേടിയ സിമ്മൺസ് വിൻഡീസിന്‍റെ ഫൈനൽ ബെർത്ത് ഉറപ്പിച്ചു. കഴിഞ്ഞ വർഷം നടന്ന ടി20 ലോകകപ്പിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരെയായിരുന്നു സിമ്മൺസിന്റെ അവസാന അന്താരാഷ്ട്ര മത്സരം.