മഴയിൽ കുറവ്; മുല്ലപ്പെരിയാറിലെ മൂന്നു ഷട്ടറുകൾ അടച്ചു

ഇടുക്കി: അണക്കെട്ടിലെ ജലനിരപ്പ് താഴ്ന്നതിനാൽ മുല്ലപ്പെരിയാർ ഡാമിന്‍റെ മൂന്ന് ഷട്ടറുകൾ അടച്ചു. മുല്ലപ്പെരിയാർ അണക്കെട്ടിലെ നിലവിലെ ജലനിരപ്പ് 138.80 അടിയാണ്. സെക്കൻഡിൽ 5640 ഘനയടി വെള്ളം മാത്രമാണ് പെരിയാറിലേക്ക് തുറന്നുവിടുന്നത്. നിലവിൽ 10 ഷട്ടറുകൾ 90 സെന്‍റീമീറ്റർ ഉയർത്തിയിട്ടുണ്ട്.

മഴയും നീരൊഴുക്കും കുറഞ്ഞതിനാൽ ഇടുക്കി ഡാമിൽ നിന്ന് കൂടുതൽ വെള്ളം തുറന്നുവിടില്ല. ഇടുക്കി ഡാമിലെ ജലനിരപ്പ് 2387.38 അടിയായി കുറഞ്ഞു.

മുല്ലപ്പെരിയാറിൽ നിന്ന് ഇപ്പോൾ എത്തുന്ന വെള്ളവും ഇടുക്കിയിൽ സംഭരിക്കാൻ കഴിയുന്നതിനാൽ കൂടുതൽ വെള്ളം തുറന്നുവിടേണ്ടെന്നാണ് റൂൾ കർവ് കമ്മിറ്റിയുടെ തീരുമാനം. തടിയമ്പാട് ചപ്പാത്ത് ഇപ്പോഴും വെള്ളത്തിനടിയിലാണ്. റോഡിനും കേടുപാടുകൾ സംഭവിച്ചു. ഇത് കണക്കിലെടുത്ത് ഇടുക്കിയിൽ നിന്ന് തുറന്നുവിടുന്ന വെള്ളത്തിന്‍റെ അളവ് കുറയ്ക്കാനാണ് ആലോചന. ഇക്കാര്യത്തിൽ നാളെ തീരുമാനമുണ്ടാകും.