എൽഐസി ലാഭം കുതിച്ചുയർന്നു; മൂന്ന് മാസത്തെ ലാഭം മാത്രം പതിനയ്യായിരം കോടി കവിഞ്ഞു

ന്യൂഡല്‍ഹി: കേന്ദ്ര പൊതുമേഖലാ ഇൻഷുറൻസ് കമ്പനിയായ എൽഐസിയുടെ ലാഭം വർദ്ധിച്ചു. പ്രീമിയം വരുമാനം 27 ശതമാനം ഉയർന്നു. അക്കൗണ്ടിംഗ് നയത്തിലെ ഗണ്യമായ മാറ്റത്തെത്തുടർന്ന്, നിക്ഷേപങ്ങളിൽ നിന്നുള്ള വരുമാനവും വലിയ കുതിച്ചുചാട്ടത്തിന് സാക്ഷ്യം വഹിച്ചു. രണ്ടാം പാദം അവസാനിക്കുമ്പോൾ എൽഐസി 15,952 കോടി രൂപയുടെ അറ്റാദായം രേഖപ്പെടുത്തി.

കഴിഞ്ഞ സാമ്പത്തിക വർഷത്തിന്‍റെ രണ്ടാം പാദത്തിൽ എൽഐസി 1,434 കോടി രൂപ അറ്റാദായം നേടിയിരുന്നു. നിക്ഷേപങ്ങളിൽ നിന്നുള്ള ലാഭം വരുമാനത്തിന്‍റെ 40 ശതമാനമാണ്. ഇത് 6798.61 കോടി രൂപയാണ്. എന്നാൽ ഇത് മുൻ വർഷത്തേക്കാൾ കുറവാണ്. കഴിഞ്ഞ വർഷം എൽഐസിയുടെ നിക്ഷേപത്തിൽ നിന്നുള്ള വരുമാനം 6,961.14 കോടി രൂപയായിരുന്നു. മെയ് മാസത്തിൽ ഓഹരി വിപണിയിലേക്ക് ആദ്യമായി പ്രവേശിച്ച എൽഐസി, ആദ്യ പാദ ഫലങ്ങൾ പുറത്തുവന്ന ജൂൺ മാസത്തിൽ 682.9 കോടി രൂപ ലാഭം നേടിയിരുന്നു. 20,530 കോടി രൂപയുടെ ഐപിഒയ്ക്ക് ശേഷമായിരുന്നു ഇത്.

രാജ്യത്തെ ഇൻഷുറൻസ് ഭീമനായ എൽഐസിയുടെ വരുമാനം ഇത്തവണ വർദ്ധിക്കാനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് ഏജന്‍റുമാരുടെ കുറഞ്ഞ കമ്മീഷൻ. ജീവനക്കാരുടെ ചെലവ് കുറച്ചതും എൽഐസിയുടെ വരുമാനം വർദ്ധിപ്പിക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. നേരത്തെ 10,896 കോടി രൂപയായിരുന്ന ഏജൻസി കമ്മിഷൻ 5,844 കോടി രൂപയായി കുറഞ്ഞു. ജീവനക്കാരുടെ ചെലവ് 24,157.5 കോടി രൂപയിൽ നിന്ന് 16,474.76 കോടി രൂപയായി കുറഞ്ഞു. എന്നാൽ കുറയാനുണ്ടായ കാരണങ്ങൾ എൽഐസി വ്യക്തമാക്കിയിട്ടില്ല.