ലൈഫ് ഭവനപദ്ധതി: സംഭാവനയായി ലഭിക്കുന്ന ഭൂമിയുടെ ഉപയോഗം സംബന്ധിച്ച് മാര്‍ഗരേഖയായി

തിരുവനന്തപുരം: ലൈഫ് ഭവനപദ്ധതിയുടെ ഭാഗമായി ഭൂരഹിതർക്ക് വീട് നിർമ്മിക്കാൻ ഭൂമി കണ്ടെത്തുന്നതിനായി സംസ്ഥാന സർക്കാർ ആരംഭിച്ച ‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിലൂടെ ലഭ്യമായ ഭൂമിയുടെ വിനിയോഗം സംബന്ധിച്ച മാർഗനിർദേശങ്ങൾ പുറത്തിറക്കി.ഭൂമിയുടെ യോഗ്യതാനിര്‍ണയം, അനുയോജ്യത, രജിസ്ട്രേഷൻ വ്യവസ്ഥകള്‍, ഭൂമി നല്‍കുന്നതിനുള്ള നടപടികള്‍, ഭൂമി നിരാകരിക്കല്‍ തുടങ്ങിയ കാര്യങ്ങളിൽ സ്വീകരിക്കേണ്ട നടപടികളെക്കുറിച്ചാണ് മാർഗ്ഗനിർദ്ദേശങ്ങൾ. ക്യാമ്പയിന്‍റെ വിജയത്തിനായി എല്ലാവരും ഒരുമിച്ച് പ്രവർത്തിക്കണമെന്ന് തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി എം.വി ഗോവിന്ദൻ പറഞ്ഞു.

‘മനസോടിത്തിരി മണ്ണ്’ ക്യാമ്പയിനിനായി സംസ്ഥാനത്ത് ഇതുവരെ 1076 സെന്‍റ് ഭൂമി ഏറ്റെടുത്തിട്ടുണ്ട്. ഇതുകൂടാതെ 696 സെന്‍റ് സ്ഥലവും വാഗ്ദാനം ചെയ്തിട്ടുണ്ട്. ഭൂമി ദാനം ചെയ്യുമ്പോൾ രണ്ട് തരത്തിൽ രജിസ്ട്രേഷൻ നടത്താം. ഭൂരഹിത ഭവനരഹിത ലൈഫ് പദ്ധതി ഗുണഭോക്താവിന്‍റെ പേരിൽ ഭൂമി ദാതാവിന് നേരിട്ട് രജിസ്റ്റർ ചെയ്യാം. തദ്ദേശ സ്ഥാപനങ്ങൾക്ക് ഭൂമി നൽകിയാൽ അത് സ്ഥാപന സെക്രട്ടറിയുടെ പേരിൽ രജിസ്റ്റർ ചെയ്യണം. രജിസ്ട്രേഷനുമായി ബന്ധപ്പെട്ട ചെലവുകൾ തദ്ദേശ സ്വയംഭരണ സ്ഥാപനമായിരിക്കും വഹിക്കുക. ഏറ്റെടുത്ത ഭൂമി, ഭൂരഹിത ഭവനരഹിതരായ ഗുണഭോക്താക്കളുടെ എണ്ണം, തദ്ദേശ സ്ഥാപനത്തിന് ലഭ്യമായ ഫണ്ട് എന്നിവ കണക്കിലെടുത്ത് വ്യക്തിഗത വീട്, പാർപ്പിട സമുച്ചയം അല്ലെങ്കിൽ ക്ലസ്റ്റർ ഹോമോ നിർമ്മിക്കാൻ തദ്ദേശ സ്വയംഭരണ സ്ഥാപനം തീരുമാനിക്കും.

ഗുണഭോക്താക്കൾക്ക് വ്യക്തിഗത വീടുകൾക്ക് പരമാവധി മൂന്ന് സെന്‍റ് വീതം വിതരണം ചെയ്യാൻ അനുവാദമുണ്ട്. പ്രദേശത്ത് റോഡുകൾ, കുടിവെള്ളം, വൈദ്യുതി എന്നിവ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ തദ്ദേശ സ്വയംഭരണ സ്ഥാപനം ഉറപ്പാക്കും. ഗുണഭോക്താക്കളെ ലൈഫ് ലിസ്റ്റിൽ നിന്ന് മുൻഗണനാ അടിസ്ഥാനത്തിൽ തിരഞ്ഞെടുക്കും. വ്യക്തിഗത വീടുകൾക്ക് നൽകിയാൽ മാത്രമേ രജിസ്ട്രേഷൻ ആവശ്യമുള്ളൂ. ലൈഫ് പദ്ധതിക്കും ലൈഫ് ഗുണഭോക്താക്കൾക്കുമായി രജിസ്റ്റർ ചെയ്ത ഭൂമിക്ക് സ്റ്റാമ്പ് ഡ്യൂട്ടിയും രജിസ്ട്രേഷൻ ഫീസും ഒഴിവാക്കി. ലഭ്യമായ ഭൂമി ഗുണഭോക്താവിന്‍റെയും ഗുണഭോക്താവിന്‍റെ അനന്തരാവകാശികളുടെയും ജീവിതാവസാനം വരെ അവരുടെ ഉടമസ്ഥതയിലായിരിക്കും. ഭൂമി അവകാശികൾക്ക് മാത്രം കൈമാറണമെന്നും വ്യവസ്ഥയുണ്ട്. ഈ നിബന്ധന ലംഘിക്കപ്പെടുകയോ അനന്തരാവകാശികളില്ലാതിരിക്കുകയോ ചെയ്താൽ ഭൂമി തദ്ദേശ സ്ഥാപനത്തിൻ തിരികെ നൽകണമെന്ന വ്യവസ്ഥയും രജിസ്ട്രേഷനിൽ ഉൾപ്പെടും.