ഭാരം ഉയർത്തുന്നത് അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കുമെന്ന് പുതിയ കണ്ടെത്തൽ

ഓട്ടം, സൈക്ലിംഗ് തുടങ്ങിയ എയ്റോബിക് വ്യായാമങ്ങൾ ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്ന് ഇതിനകം തന്നെ എല്ലാവർക്കും അറിയാവുന്നതാണ്. എന്നാൽ അധികമാർക്കും അറിയാത്ത വസ്തുതയാണ് ഭാരം ഉയർത്തുന്നതും ആയുർദൈർഘ്യം വർദ്ധിപ്പിക്കുമെന്നത്. അമേരിക്കയിലെ നാഷണൽ ക്യാൻസർ ഇൻസ്റ്റിറ്റ്യൂട്ട് അടുത്തിടെ നടത്തിയ പഠനം ഇക്കാര്യം സ്ഥിരീകരിച്ചിരുന്നു. ശരാശരി 71 വയസ്സുള്ള ഒരു ലക്ഷം പേരിലാണ് ഗവേഷകർ പഠനം നടത്തിയത്.27.8 ആണ് ഇവരുടെ ശരാശരി ബോഡി മാസ് ഇൻഡക്സ്. ഒരു ദശാബ്ദത്തിന് ശേഷം ഇവരെ വീണ്ടും നിരീക്ഷിച്ചു. ഹൃദ്രോഗം മൂലമോ മറ്റേതെങ്കിലും കാരണത്താലോ ഇവരിൽ ആരെങ്കിലും മരിച്ചോയ്യെന്ന് പഠന വിധേയമാക്കുകയും ചെയ്തു.

ഭാരം ഉയർത്തുന്നതും ഏറോബിക് വ്യായാമവും ക്യാൻസർ ഒഴികെയുള്ള കാരണങ്ങൾ കൊണ്ടുണ്ടാകുന്ന അകാലമരണത്തിനുള്ള സാധ്യത കുറയ്ക്കും എന്ന് പഠനഫലം വെളിപ്പെടുത്തി. ഭാരം മാത്രം ഉയർത്തിയവരിൽ പെട്ടെന്നുള്ള മരണ സാധ്യത, 9-22 ശതമാനവും എയ്റോബിക് വ്യായാമം മാത്രം ചെയ്തവരിൽ മരണസാധ്യത 24-34 ശതമാനവും കുറഞ്ഞു.
ഏറോബിക് വ്യായാമവും ഭാരോദ്വാഹനവും ചെയ്തവർക്ക് കൂടുതൽ ഫലങ്ങൾ ലഭിച്ചു. ആഴ്ചയിൽ ഒന്നോ രണ്ടോ തവണ ഭാരം ഉയർത്തുകയും നിശ്ചിത അളവിൽ ഏറോബിക് വ്യായാമം ചെയ്യുകയും ചെയ്തവരിൽ അപകടസാധ്യത 41 മുതൽ 47 ശതമാനം വരെ കുറയുന്നതായി ഗവേഷകർ കണ്ടെത്തി. സ്ത്രീകൾക്കാണ് പുരുഷന്മാരെക്കാൾ ഗുണം ലഭിച്ചതെന്നും പഠനം പറയുന്നു.