രാജ്യാന്തര ഫുട്‌ബോളിലെ ഗോള്‍വേട്ടയില്‍ മൂന്നാം സ്ഥാനത്തെത്തി ലയണല്‍ മെസ്സി

ന്യൂയോര്‍ക്ക്: രാജ്യാന്തര ഫുട്‌ബോളില്‍ ഏറ്റവും കൂടുതല്‍ ഗോളുകള്‍ നേടിയ താരങ്ങളില്‍ മൂന്നാം സ്ഥാനത്തെത്തി ലയണല്‍ മെസ്സി. ബുധനാഴ്ച ജമൈക്കയ്‌ക്കെതിരായ മത്സരത്തില്‍ രണ്ടു ഗോളുകള്‍ കൂടി നേടിയതോടെയാണ് അര്‍ജന്റീനയ്ക്കായി 164 രാജ്യാന്തര മത്സരങ്ങളില്‍ നിന്ന് മെസ്സിയുടെ ഗോള്‍നേട്ടം 90 ആയത്. നിലവില്‍ കളിക്കുന്ന താരങ്ങളിൽ ക്രിസ്റ്റിയാനോ റൊണാള്‍ഡോയ്ക്ക് പിന്നില്‍ രണ്ടാമതാണ് മെസ്സി.

89 അന്താരാഷ്ട്ര ഗോളുകൾ നേടിയ മലേഷ്യയുടെ മുഖ്താര്‍ ദാഹരിയെയാണ് മെസി മറികടന്നത്. കഴിഞ്ഞ വർഷം നടന്ന ലോകകപ്പ് യോഗ്യതാ മത്സരങ്ങളിൽ ഇറാന്‍റെ അലി ദേയിയുടെ ഗോൾ സ്കോറിംഗ് റെക്കോർഡ് ക്രിസ്റ്റ്യാനോ റൊണാൾഡോ മറികടന്നിരുന്നു. 191 മത്സരങ്ങളിൽ നിന്ന് 117 ഗോളുകളുമായി റൊണാൾഡോയാണ് പട്ടികയിൽ ഒന്നാമത്. ഇറാനുവേണ്ടി 148 മത്സരങ്ങളിൽ നിന്ന് 109 ഗോളുകളുമായി അലി ദേയിയാണ് രണ്ടാം സ്ഥാനത്ത്. 131 മത്സരങ്ങളിൽ നിന്ന് 84 ഗോളുകൾ നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സുനിൽ ഛേത്രിയാണ് മെസിക്ക് പിന്നിൽ.