ആഫ്രിക്കയിൽ സിംഹങ്ങളും മുതലകളും പാമ്പുകളും ഐഎസ് ഭീകരരെ കൊന്നതായി റിപ്പോർട്ട്

മൊസാംബിക്: ആഫ്രിക്കൻ രാജ്യമായ മൊസാംബിക്കിന്‍റെ വടക്കൻ മേഖലയിൽ സിംഹങ്ങൾ, പാമ്പുകൾ, മുതലകൾ എന്നിവയുടെ ആക്രമണത്തിൽ നിരവധി ഐഎസ് തീവ്രവാദികൾ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. മൊസാംബിക്കിൽ ഐ.എസ് തീവ്രവാദികളും സർക്കാർ അനുകൂല സേനയും തമ്മിൽ ഏറെക്കാലമായി ഏറ്റുമുട്ടൽ തുടരുകയാണ്. മൊസാംബിക്കിൽ അൽ ഷബാബ് എന്ന ഉപസ്ഥാപനത്തിന്‍റെ നേതൃത്വത്തിലാണ് ഐഎസ് പ്രധാനമായും പ്രവർത്തിക്കുന്നത്. മൊസാംബിക്കിലെ കാബോ ഡെൽഗാഡോ പ്രവിശ്യയിലെ ക്വിസാംഗ ജില്ലയിലെ പോലീസ് മേധാവിയാണ് അൽ-ഷബാബ് തീവ്രവാദികൾ വന്യജീവി ആക്രമണത്തിൽ കൊല്ലപ്പെടുന്നെന്ന വിവരം നൽകിയത്.

ചിലർ പ്രതിരോധ സേനയുടെ വെടിവെപ്പിലും മറ്റ് പലരും പാമ്പുകൾ, കാട്ടുപോത്ത്, സിംഹങ്ങൾ, മുതലകൾ തുടങ്ങിയ മൃഗങ്ങളുടെ ആക്രമണത്തിലും കൊല്ലപ്പെട്ടതായി ക്വിസംഗ പോലീസ് പറഞ്ഞു. കഴിഞ്ഞ കുറച്ച് ദിവസങ്ങളിലായി 16 ഭീകരരാണ് ക്വിസംഗയിൽ കൊല്ലപ്പെട്ടത്. മൊസാംബിക്കിലെ എണ്ണ സമ്പന്നമായ പ്രദേശമാണ് കാബോ ഡെൽഗാഡോ. 2017 മുതൽ ഇവിടെ ഐഎസ് ആക്രമണങ്ങൾ നടത്തുന്നുണ്ട്. എന്നാൽ 2020 ആയപ്പോഴേക്കും ആക്രമണങ്ങൾ മൂർദ്ധന്യാവസ്ഥയിലായതായി ഈ പ്രദേശത്തെ കുറിച്ച് പഠിക്കുന്ന വിദഗ്ധർ പറയുന്നു.

ദുർബലമായ സർക്കാരിനെയും മൊസാംബിക്കിലെ പ്രക്ഷുബ്ധമായ സാഹചര്യത്തെയും മുതലെടുക്കാൻ ഐഎസ് ശ്രമിക്കുന്നുണ്ടെന്നും റിപ്പോർട്ടുകളുണ്ട്. സംഘത്തിലേക്ക് ഐഎസ് ധാരാളം കുട്ടികളെയും റിക്രൂട്ട് ചെയ്യുന്നുണ്ട്. അഞ്ച് വയസ്സുവരെയുള്ള കുട്ടികൾക്ക് ആയുധപരിശീലനം നൽകുന്നതിന്‍റെ വീഡിയോ തെളിവുകൾ ഉണ്ടെന്ന് യൗണിസെഫ് വക്താവ് ജെയിംസ് എൽഡർ പറഞ്ഞു. ആക്രമണങ്ങളിൽ 4,000 ത്തിലധികം ആളുകൾക്ക് ജീവൻ നഷ്ടപ്പെടുകയും 9.5 ലക്ഷത്തോളം ആളുകൾ സംഘർഷത്തിൽ വീടുവിട്ടിറങ്ങാൻ നിർബന്ധിതരാകുകയും ചെയ്തു.