കല്ലുവാതുക്കല്‍ മദ്യദുരന്തം; അവസാനപ്രതിയും പുറത്തേക്ക്

തിരുവനന്തപുരം: 31 പേരുടെ ജീവനെടുത്ത കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ അവസാന പ്രതി 22 വർഷത്തിന് ശേഷം ജയിൽ മോചിതനായി. കല്ലുവാതുക്കൽ മദ്യദുരന്തക്കേസിലെ നിയമ നടപടികൾ സുപ്രീം കോടതിയുടെ ഇടപെടലോടെ ദുരന്തത്തിന്‍റെ സൂത്രധാരനായ ചിറയിൻകീഴ് ഉഷസിൽ ചന്ദ്രൻ എന്ന മണിച്ചനെയും വിട്ടയച്ചതോടെ അവസാനിക്കുകയാണ്.

നെട്ടുകാൽത്തേരി തുറന്ന ജയിലിൽ നിന്ന് മികച്ച കർഷകനായുള്ള മണിച്ചന്‍റെ മോചനം ജയിൽവാസം പരിവർത്തനത്തിനും പുനരധിവാസത്തിനുമുള്ള വേദിയായി മാറുന്നതിന്‍റെ ഉദാഹരണം കൂടിയാണ്. കഞ്ഞിക്കച്ചവടക്കാരനിൽ നിന്ന് സ്പിരിറ്റ് വ്യാപാരിയായി മാറിയ മണിച്ചനെ ജയിൽവാസം ഏറെ മാറ്റിയിട്ടുണ്ട്.

വൈപ്പിൻ മദ്യദുരന്തത്തിന് ശേഷം കേരളത്തെ നടുക്കിയ കല്ലുവാതുക്കൽ മദ്യദുരന്തം നടന്നത് 2000 ഒക്ടോബറിലാണ്. മണിച്ചൻ വിതരണം ചെയ്ത മദ്യം വിൽപ്പന നടത്തിയ കൊല്ലം കല്ലുവാതുക്കൽ സ്വദേശി ഹയറുന്നിസ എന്ന താത്തയാണ് കേസിലെ മറ്റൊരു മുഖ്യപ്രതി. 31 പേരാണ് മരിച്ചത്. ആറുപേർക്ക് കാഴ്ച നഷ്ടപ്പെട്ടു.