ന്യൂ ഇയറിന് കുടിച്ചത് 107.14 കോടിയുടെ മദ്യം; കേരളത്തിൽ റെക്കോർഡ് വിൽപ്പന

തിരുവനന്തപുരം: പുതുവത്സര ദിനത്തിൽ കേരളത്തിൽ റെക്കോർഡ് മദ്യവിൽപ്പന. ഇന്നലെ മാത്രം 107.14 കോടി രൂപയുടെ മദ്യമാണ് കേരളത്തിൽ വിറ്റഴിച്ചത്. 2022 ലെ പുതുവത്സര ദിനത്തിൽ കേരളത്തിൽ വിറ്റത് 95.67 കോടി രൂപയുടെ മദ്യമാണ്.

ക്രിസ്മസ്, പുതുവത്സരാഘോഷങ്ങളുടെ കഴിഞ്ഞ 10 ദിവസത്തിനിടെ 686.28 കോടി രൂപയുടെ മദ്യമാണ് കേരളം ഉപയോഗിച്ചത്. കഴിഞ്ഞ വർഷം ഇതേ കാലയളവിൽ 10 ദിവസത്തെ വിൽപ്പന 649.32 കോടിയായിരുന്നു. തിരുവനന്തപുരം പവർ ഹൗസ് ഔട്ട്ലെറ്റിലാണ് ഏറ്റവും കൂടുതൽ മദ്യം വിറ്റഴിച്ചത്. ഇവിടെ മാത്രം 1.12 കോടി രൂപയുടെ മദ്യമാണ് വിറ്റഴിച്ചത്. രണ്ടാം സ്ഥാനത്ത് കൊല്ലം ജില്ലയിലെ ആശ്രമത്താണ്. 96.59 ലക്ഷം രൂപയുടെ മദ്യമാണ് ഇവിടെ വിറ്റഴിച്ചത്.

സംസ്ഥാനത്തെ 268 ഔട്ട്ലെറ്റുകളിലും 10 ലക്ഷത്തിലധികം മദ്യമാണ് വിറ്റഴിച്ചത്. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ വിറ്റഴിച്ചത് റമ്മാണ്.