അൽഫോൺസ് പുത്രന്‍റെ ‘ഗോൾഡ്’ റിലീസിൽ പ്രതികരണവുമായി ലിസ്റ്റിൻ സിറ്റീഫൻ

അൽഫോൺസ് പുത്രന്‍റെ ‘ഗോൾഡ്’ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ചിത്രങ്ങളിൽ ഒന്നാണ്. ഓണത്തിന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു ആദ്യം പറഞ്ഞിരുന്നത്. എന്നാൽ സാങ്കേതിക തകരാർ കാരണം ഇത് മാറ്റിവയ്ക്കുകയായിരുന്നു. ഇതിന് പിന്നാലെ ഗോൾഡിന്റെ ദൃശ്യങ്ങൾ നഷ്ടപ്പെട്ടതായി റിപ്പോർട്ടുകൾ വന്നിരുന്നു. ഇപ്പോഴിതാ പ്രതികരണവുമായി എത്തിയിരിക്കുകയാണ് ചിത്രത്തിന്‍റെ നിർമ്മാതാക്കളിൽ ഒരാളായ ലിസ്റ്റിൻ സിറ്റീഫൻ. 

ചിത്രത്തിന്‍റെ ഫുട്ടേജ് കിടക്കുന്ന കമ്പ്യൂട്ടർ മോശമായതാണ് ചിത്രത്തിന്‍റെ റിലീസ് വൈകാൻ കാരണമെന്ന് അദ്ദേഹം പറഞ്ഞു. “സിസ്റ്റം ഹാങ്ങ് ആണ്. അതൊന്നു റെഡി ആയിട്ട് വേണം അതിന്റെ  ഒരു അപ്ഡേറ്റ് തരാൻ. ഞാൻ സീരിയസ്സായി തന്നെ പറഞ്ഞതാണ്” ലിസ്റ്റിൻ പറഞ്ഞു. കുമാരി എന്ന സിനിമയുടെ റിലീസുമായി ബന്ധപ്പെട്ട് നടത്തിയ വാർത്താസമ്മേളനത്തിലാണ് വെളിപ്പെടുത്തൽ. 

സിനിമയുടെ ദൃശ്യങ്ങൾ ഡിലീറ്റ് ചെയ്തു പോയി എന്ന വാർത്ത സത്യമാണോ എന്ന ചോദ്യത്തിന് ദൃശ്യങ്ങൾ മറ്റൊരു സിസ്റ്റത്തിൽ കിടപ്പുണ്ടെന്നും  അതുകൊണ്ടു കുഴപ്പമില്ലെന്നുമായിരുന്നു ലിസ്റ്റിൻ മറുപടി നൽകിയത്. പ്രേമത്തിന് ശേഷം അൽഫോൺസ് പുത്രൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ഗോൾഡ്. പൃഥ്വിരാജ് കേന്ദ്രകഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ നയൻതാരയാണ് നായികയായി എത്തുന്നത്.