ഋഷി സുനകിന്‌ ആശംസകള്‍ നേര്‍ന്ന് ലിസ് പടിയിറങ്ങുന്നു

ലണ്ടന്‍: മുൻ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസ് ഋഷി സുനകിന്റെ വിജയത്തെ അഭിനന്ദിച്ചു. ഞാൻ ഋഷിക്ക് എല്ലാവിധ ആശംസകളും നേരുന്നു, രാജി സമർപ്പിക്കാൻ ബക്കിംഗ്ഹാം കൊട്ടാരത്തിലേക്ക് പുറപ്പെടുന്നതിന് മുമ്പ് ലിസ് പറഞ്ഞു. ‘രാജ്യം ഒരു കൊടുങ്കാറ്റിലൂടെ കടന്നുപോകുന്നു, പക്ഷേ ഞാൻ ബ്രിട്ടനിലും ബ്രിട്ടീഷ് ജനതയിലും വിശ്വസിക്കുന്നു. രാജ്യം അതിന്‍റെ സുവർണ യുഗത്തിലേക്ക് മടങ്ങുമെന്ന് ഞാൻ വിശ്വസിക്കുന്നു’ ലിസ് പറഞ്ഞു.

ആർതർ വെല്ലസ്ലിക്ക് ശേഷം ബ്രിട്ടനിൽ ഏറ്റവും കുറവ് കാലം പ്രധാനമന്ത്രിയായ വ്യക്തിയാണ് ലിസ് ട്രസ്. 2022 സെപ്റ്റംബർ 6ന് അധികാരത്തിൽ വന്ന ലിസിന് 49 ദിവസം മാത്രമേ കസേരയിൽ തുടരാൻ കഴിഞ്ഞുള്ളൂ. അധികാരത്തിലെത്തിയ ശേഷം ലിസ് ട്രസിനെ കാത്തിരുന്നത് സാമ്പത്തിക പ്രശ്നങ്ങളും രാജ്യം അഭിമുഖീകരിക്കാൻ പോകുന്ന കടുത്ത ഊർജ്ജ പ്രതിസന്ധിയുമായിരുന്നു. ലിസ് കൊണ്ടുവന്ന സാമ്പത്തിക നയങ്ങൾ രാജ്യത്തെ കൂടുതൽ ദുർബലമാക്കി. രാജി വെക്കുകയല്ലാതെ ലിസിന് വേറെ വഴിയില്ലായിരുന്നു.

ഈ അവസരത്തിലാണ് ഋഷി സുനക് അധികാരത്തിലെത്തുന്നത്. സാമ്പത്തിക പ്രതിസന്ധിയിലായ ബ്രിട്ടനെ സ്ഥിരതയിലേക്ക് എത്തിക്കുക എന്ന വെല്ലുവിളിയാണ്‌ ഋഷിയെ കാത്തിരിക്കുന്നത്.