എബോള വൈറസ് വ്യാപനം തടയാൻ ഉഗാണ്ടയില്‍ പ്രാദേശിക ലോക്ഡൗണ്‍ ഏർപ്പെടുത്തി

ഉഗാണ്ട: എബോള വൈറസ് വ്യാപനത്തെ തുടർന്ന് കിഴക്കൻ ആഫ്രിക്കൻ രാജ്യമായ ഉഗാണ്ടയിൽ ലോക്ക് ഡൗൺ ഏർപ്പെടുത്തി. വൈറസ് വ്യാപനത്തെ തുടർന്ന് രണ്ട് ജില്ലകളിലാണ് ലോക്ക്ഡൗൺ ഏർപ്പെടുത്തിയത്. 

ഉഗാണ്ടൻ പ്രസിഡന്‍റ് യോവേരി മുസെവേനി രാത്രികാല കർഫ്യൂ നടപ്പാക്കുകയാണെന്നും വിനോദസഞ്ചാര കേന്ദ്രങ്ങളും ആരാധനാലയങ്ങളും അടച്ചിടുകയാണെന്നും എബോള ബാധിതമായ രണ്ട് ജില്ലകളിലേക്കും തിരിച്ചുമുള്ള യാത്രകൾക്ക് 21 ദിവസത്തേക്ക് നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ടെന്നും അറിയിച്ചു. മധ്യ ഉഗാണ്ടയിലെ മുബെന്ദെ, കസാണ്ട ജില്ലകളിൽ രോഗവ്യാപനം തടയുന്നതിനുള്ള നടപടികൾ ഉടൻ ആരംഭിക്കുമെന്നും യോവേരി പറഞ്ഞു.

“എബോള വൈറസിന്‍റെ വ്യാപനം നിയന്ത്രിക്കുന്നതിനുള്ള താൽക്കാലിക നടപടികൾ മാത്രമാണ് ഇവ. എല്ലാവരും അധികാരികളുമായി സഹകരിക്കുകയും സാധ്യമായ ഏറ്റവും കുറഞ്ഞ സമയത്തിനുള്ളിൽ സ്ഥിതിഗതികൾ അവസാനിപ്പിക്കുകയും വേണം,” യോവേരി മുസെവേനി പറഞ്ഞു.