ലോകായുക്ത ഭേദഗതി ബില്‍ പാസാക്കി; കറുത്ത ദിനമെന്ന് പ്രതിപക്ഷം

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ബിൽ നിയമസഭയിൽ പാസാക്കി. പ്രതിപക്ഷ പ്രതിഷേധം വകവയ്ക്കാതെയാണ് ബിൽ പാസാക്കിയത്. അനിവാര്യമായ ഭേദഗതിയാണ് ലോകായുക്ത നിയമത്തിൽ വരുത്തിയതെന്ന് ഭരണപക്ഷം അവകാശപ്പെട്ടു. അതേസമയം, സബ്ജക്ട് കമ്മിറ്റിക്കും ബില്ലിൽ ഭേദഗതി വരുത്താമെന്ന് നിയമമന്ത്രി പി രാജീവ് പറഞ്ഞു.

എന്നാൽ ചരിത്രത്തിലെ കറുത്ത ദിനമെന്നാണ് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ ഇതിനെ വിശേഷിപ്പിച്ചത്. ബില്ലിൻ മേലുള്ള വോട്ടെടുപ്പിന് മുമ്പ് പ്രതിപക്ഷം നിയമസഭ ബഹിഷ്കരിച്ചു. ഇതിന് കൂട്ടുനില്‍ക്കാനാകില്ല എന്നും വി ഡി സതീശന്‍ പറഞ്ഞു. ജുഡീഷ്യൽ തീരുമാനം എക്സിക്യൂട്ടീവിന് പരിശോധിക്കാൻ കഴിയില്ലെന്നും വി ഡി സതീശൻ കൂട്ടിച്ചേർത്തു.

അതേസമയം, ലോകായുക്ത ബിൽ സഭയിൽ അവതരിപ്പിച്ചപ്പോൾ തന്നെ പ്രതിപക്ഷം പ്രതിഷേധിച്ചു. പുതിയ ഭേദഗതികൾ ബില്ലിൽ ഉൾപ്പെടുത്തിയിട്ടുണ്ടെന്ന് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. നിയമസഭയുടെ അനുമതി ഇല്ലാതെയാണ് ഭേദഗതിയിൽ മാറ്റം വരുത്തിയതെന്നും രമേശ് ചെന്നിത്തല ആരോപിച്ചു.