ലോകായുക്ത ഭേദഗതി ഓർഡിനൻസ്; മന്ത്രിസഭാ യോഗത്തിൽ എതിർപ്പറിയിച്ച് സിപിഐ

തിരുവനന്തപുരം: ലോകായുക്ത ഭേദഗതി ഓർഡിനൻസിനെതിരെ സി.പി.ഐ. ഈ രൂപത്തിൽ ബിൽ അവതരിപ്പിക്കുന്നതിനെ അനുകൂലിക്കുന്നില്ലെന്ന് മന്ത്രിസഭാ യോഗത്തിൽ സി.പി.ഐ മന്ത്രിമാർ നിലപാടെടുത്തു. വിഷയം ചർച്ച ചെയ്യുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സർക്കാർ തലത്തിൽ പരിഹാരമുണ്ടായില്ലെങ്കിൽ നിയമസഭയിൽ ബിൽ അവതരിപ്പിക്കുമ്പോൾ ഭേദഗതി കൊണ്ടുവരാനാണ് സി.പി.ഐ ആലോചിക്കുന്നത്.

ലോകായുക്തയുടെ തീരുമാനത്തെ തള്ളിക്കളയാൻ സർക്കാരിന് അധികാരം നൽകുന്നതിനു പകരം സ്വതന്ത്ര സ്വഭാവമുള്ള ഉന്നതാധികാര സമിതിയുടെ തീരുമാനത്തിന് വിടണമെന്നാണ് സി.പി.ഐയുടെ നിർദേശം. അഴിമതിക്കെതിരെ ഫലപ്രദമായ സംവിധാനമായ ലോകായുക്തയുടെ അധികാരങ്ങളെ ദുർബലപ്പെടുത്തുന്ന നിലപാട് സ്വീകരിക്കാൻ കഴിയില്ലെന്നാണ് സി.പി.ഐ പറയുന്നത്. സ്വതന്ത്ര സ്വഭാവമുള്ള സമിതിയുടെ കാര്യത്തിൽ പാർട്ടി നിയമോപദേശവും തേടിയിരുന്നു.

1999ൽ പാർട്ടിയുടെ മുതിർന്ന നേതാവ് ഇ ചന്ദ്രശേഖരൻ നായർ നിയമമന്ത്രിയായിരിക്കെ കൊണ്ടുവന്ന ലോകായുക്ത നിയമത്തെ ദുർബലപ്പെടുത്താൻ പാർട്ടി ആഗ്രഹിക്കുന്നില്ല. പ്രത്യേകിച്ച് പാർട്ടി സമ്മേളനങ്ങൾ നടക്കുന്ന ഈ ഘട്ടത്തിൽ അത്തരമൊരു കുറ്റപ്പെടുത്തൽ കേൾക്കാൻ നേതൃത്വം തയ്യാറല്ല. ഗവർണർ ഒപ്പിടാത്തതിനെ തുടർന്ന് ലോകായുക്ത ഭേദഗതി ഓർഡിനൻസ് അസാധുവായിരുന്നു. ഈ മാസം 22ന് ചേരുന്ന പ്രത്യേക നിയമസഭാ സമ്മേളനത്തിൽ ബില്ലായി അവതരിപ്പിക്കാനാണ് സർക്കാർ ആലോചിക്കുന്നത്.